മലപ്പുറം: അരക്കുപറമ്പ് പള്ളിക്കുന്നില്‍ നടകളത്തില്‍ ശങ്കരന്റെ ഭാര്യ സുലോചന(40) കുത്തേറ്റുമരിച്ച സംഭവത്തില്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുത്തു. വീട്ടില്‍നിന്ന് ഭര്‍ത്താവ് എഴുതിയതെന്ന് സംശയിക്കുന്ന കത്തും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

knifeശനിയാഴ്ച പെരിന്തല്‍മണ്ണ സി.ഐ. ടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെത്തിയത്. സംഭവം നടന്ന വീട്ടില്‍നിന്ന് അല്‍പം മാറിയുള്ള പള്ളിക്കുന്ന് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നാണ് കത്തി കിടന്നിരുന്നത്.

എന്നാല്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയുണ്ടായ കൊലപാതകത്തിനുശേഷം കാണാതായ ഭര്‍ത്താവ് ശങ്കരനെ കണ്ടെത്താനായിട്ടില്ല. മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വിശദപരിശോധനയ്ക്കായി 12 മണിയോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചു. മൃതദേഹം പിന്നീട് സുലോചനയുടെ താഴേക്കോട് മരുതലയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ഒരുമാസത്തോളമായി സുലോചനയും ശങ്കരനും വേറെയായിട്ടായിരുന്നു താമസമെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കഴുത്തിനും വയറിനും കുത്തേറ്റ സുലോചന വീട്ടില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും റോഡില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

Content highlights: Knife, Murder, Housewife, Crime news