രാജ്കോട്ട്: വീട്ടിലെത്തിയ സന്ദർശകൻ വീട്ടമ്മയെ കുത്തിക്കൊന്നു. ഗുജറാത്തിലെ മോർബിയിലെ രാംനിക് ഫുൽട്ടാറിയയുടെ ഭാര്യ കാഞ്ചൻ ഫുൽട്ടാറിയ(44)യാണ് കുത്തേറ്റ് മരിച്ചത്. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 20 വയസ്സുകാരിയായ മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

മന്ത്രവാദിയായ രാംനിക്കിനെ കാണാനെത്തിയ വിക്രം ഫുൾട്ടാറിയ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് വിക്രം രാംനിക്കിനെ കാണാനായി വീട്ടിലെത്തിയത്. എന്നാൽ ഭർത്താവ് ഉറങ്ങുകയാണെന്നും അല്പസമയം കഴിഞ്ഞ് വരാനും കാഞ്ചൻ പറഞ്ഞു. ഇത് കേൾക്കാൻ കൂട്ടാക്കാതിരുന്ന വിക്രം ഭർത്താവിനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് കാഞ്ചനെ ആക്രമിച്ചത്.

വീടിന് മുൻവശത്തിട്ട് കാഞ്ചനെ കുത്തിവീഴ്ത്തിയ വിക്രം തടയാനെത്തിയ മകളെയും ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാഞ്ചൻ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights:housewife stabbed to death by visitor in gujarat daughter injured