ശ്രീകൃഷ്ണപുരം(പാലക്കാട്): വീട്ടമ്മയ്ക്ക് രാത്രി വീട്ടിനുള്ളില്‍വെച്ച് വെട്ടേറ്റു. ശ്രീകൃഷ്ണപുരം യു.പി. സ്‌കൂളിന് സമീപത്തുള്ള വാട്ടുപാറ മമ്മിയുടെ ഭാര്യ ഫാത്തിമയ്ക്കാണ് (50) തലയ്ക്കും പിറകിലും വെട്ടേറ്റത്. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ഫാത്തിമയെ അടുക്കളയോടുചേര്‍ന്നുള്ള ഇടനാഴിയില്‍ക്കണ്ടത്. ബന്ധുവായ സലീം അന്വേഷിച്ചുവന്നപ്പോഴാണ് ഫാത്തിമയെ പരിക്കേറ്റനിലയില്‍ കണ്ടത്. സാധനങ്ങളൊന്നും മോഷണംപോയതായി കണ്ടെത്തിയിട്ടില്ല.

അടുക്കളയുടെ വാതിലിലൂടെയാണ് അക്രമി അകത്തുകയറിയതെന്ന് കരുതുന്നു. പോലീസാണ് ഫാത്തിമയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഫാത്തിമ അപകടനില തരണംചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഫാത്തിമ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. മുരളീധരന്‍, സി.ഐ. മനോഹരന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണംതുടങ്ങി. വിരലടയാളവിദഗ്ധരും പോലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി.

Content Highlights: house wife attacked in sreekrishnapuram palakkad