കോട്ടയം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിനികളെ ഇതേ ഹോട്ടലിനുള്ളിലിരുന്ന യുവാക്കള്‍ അശ്ലീലം കാണിച്ചു. ഇത് ചോദ്യംചെയ്ത വിദ്യാര്‍ഥിനികളെ യുവാക്കള്‍ ഹോട്ടലിനുള്ളിലിട്ട് മര്‍ദിച്ചു.

ഏറ്റുമാനൂര്‍ അമ്മഞ്ചേരിയിലെ ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. എം.ജി.സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ഥിനികളും സഹപാഠിയായ ഒരു വിദ്യാര്‍ഥിയുമായിരുന്നു ഹോട്ടലിലെത്തിയത്. ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എതിര്‍വശത്തിരുന്ന യുവാക്കള്‍, വിദ്യാര്‍ഥിനികളെ അശ്ലീലം കാണിക്കുകയായിരുന്നു. 

ആംഗ്യഭാഷയില്‍ അശ്ലീലം തുടര്‍ന്നതോടെ വിദ്യാര്‍ഥിനികള്‍ ഇത് ചോദ്യംചെയ്തു. ഇതോടെ കുപിതരായ യുവാക്കള്‍ വിദ്യാര്‍ഥിനികളെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ സി.ഐ. എ.ജെ.തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. പ്രതിളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും സി.ഐ. പറഞ്ഞു