അങ്കമാലി: സഹപ്രവർത്തകയായ പെൺസുഹൃത്തിനെ ശകാരിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥന്റെ വീട്ടിൽ കയറി മർദിക്കാൻ ക്വട്ടേഷൻ കൊടുത്ത ഫാർമസി എക്സിക്യുട്ടീവിനെയും ക്വട്ടേഷൻ സംഘങ്ങളായ മൂന്നുപേരെയും അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങൂർ വെസ്റ്റ് പ്രളയ്ക്കാട് തെക്കുംപുറത്ത് ജിബു (40), ഇടുക്കി ദേവികുളം കുറ്റിവേലിൽ നിഥിൻ (23), വേങ്ങൂർ വെസ്റ്റ് പ്രളയ്ക്കാട് തെക്കുംപുറം അമൽ (29), ഇരുമ്പനം കൊല്ലംപടി മേക്കേമാലി ബെൻ ബാബു (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കറുകറ്റി ആശുപത്രിയിലെ ജീവനക്കാരനായ ജിബുവാണ് ക്വട്ടേഷൻ നൽകിയത്. ചെന്നൈയിൽ നിന്ന് സ്ഥലംമാറി വന്ന ആശുപത്രി മാനേജരുമായി ജിബു അകൽച്ചയിലായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് മാനേജർ പെൺസുഹൃത്തിനെ ശകാരിച്ച വിവരം ജിബുവിനെ അറിയിച്ചു. രണ്ടുവർഷമായി സമൂഹികവിരുദ്ധരുമായി സൗഹൃദമുള്ള ജിബു, ഇതോടെ മാനേജരെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. കറുകുറ്റിയിൽ മാനേജർ ഒറ്റയ്ക്ക് താമസിക്കുന്ന ദിവസംനോക്കി താമസസ്ഥലത്ത് ക്വട്ടേഷൻ സംഘത്തെ കാറിലെത്തിച്ചു. വീട് തല്ലിത്തകർത്ത് അകത്തുകയറി ക്വട്ടേഷൻ സംഘം മാനേജരെ മർദിക്കുകയും അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്നിരുന്ന ഏഴുപവന്റെ സ്വർണമാല കവരുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ആശുപത്രിയിലും തുടർന്ന് വീട്ടിലുമെത്തി ജിബു മാനേജരുടെ സുഖവിവരം തിരക്കിയതിനാൽ ജിബുവിനെ ആരും സംശയിച്ചില്ല. ജിബുവും പെൺസുഹൃത്തും തമ്മിലുള്ള സൗഹൃദം പോലീസിന്റെ ചോദ്യംചെയ്യലിൽ ഇരുവരും മറച്ചുവെച്ചിരുന്നു. ക്വട്ടേഷൻ സംഘത്തിന് ഒളിവിൽ പോകുമ്പോഴുള്ള ചെലവിനായി പെൺസുഹൃത്തിന്റെ മോതിരം പണയംവെച്ചു. ഇത് പോലീസ് കണ്ടെത്തിയതോടെയാണ് ജിബുവിനെയും കൂട്ടാളികളെയും അറസ്റ്റുചെയ്തത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐ. ടി.എം. സൂഫി, ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, കെ.ആർ. ജീമോൻ, ബെന്നി ഐസക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:hospital manager attacked in eranakulam four arrested