മംഗളൂരു: "അവരെന്നെ ഒച്ച ബെക്കാനേ ബിട്ടില്ല... കൈയ്യും കാലും കെട്ടി ബായിന്റുള്ളില്‍ തുണിതിരുകി... കണ്ണ് കെട്ടി... ഞരങ്ങുമ്പോളൊക്കെ കഴുത്ത് ഞെക്കി ശ്വാസം മുട്ടിച്ചു... ചാവാന്‍പോവുമ്പോലെ തോന്നി..." -മോഷ്ടാക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ യൂണിറ്റി ആസ്പത്രിയില്‍കഴിയുന്ന സുരക്ഷാ ജീവനക്കാരന്‍ ടി.അബ്ദുള്ള ആ നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ വാക്കുകളില്‍ മരണഭയം പുറത്തുചാടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ചനടന്ന ഹൊസങ്കടിയിലെ രാജധാനി ജുവല്ലറിയിലെ സുരക്ഷാ ജീവനക്കാരനാണ് അബ്ദുള്ള.

മഴ പെയ്യുന്നതിനാല്‍ പുതുതായി പെയിന്റടിച്ചതെങ്കിലും കടയുടെ ഷട്ടറിനടുത്താണ് ഇരുന്നത്.പെട്ടന്ന് നാലാളുകള്‍ വന്ന് ഇരുമ്പുവടികൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും തുണി വായില്‍ തിരുകുകയും ചെയ്തു. കൈയുംകാലും തുണികൊണ്ട് കെട്ടി മഴയത്ത് കിടത്തി. ഒരാള്‍ കത്തിമുന നെഞ്ചില്‍ അമര്‍ത്തി ഒച്ചവെക്കരുതെന്ന് പറഞ്ഞു. ഒരാള്‍ കടയ്ക്ക് പുറത്തുനിന്നും മറ്റു രണ്ടുപേര്‍ അകത്തുനിന്നും കയറി -അബ്ദുള്ള മോഷ്ടാക്കള്‍ കീഴ്പ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞു തുടങ്ങി. ഒച്ചവെക്കാന്‍ പോലും അനുവദിക്കാതെ അവര്‍ അയാളെ കീഴ്പ്പെടുത്തി. വായില്‍ തുണിതിരുകി ഒച്ചവെക്കാന്‍ നോക്കിയപ്പോഴൊക്കെ കഴുത്ത് ഞെക്കിപ്പിടിച്ചു.

ആദ്യഘട്ട മോഷണം കഴിഞ്ഞ് സംഘം അബ്ദുള്ളയെ തൂക്കിയെടുത്ത് കടയുടെ പിറകില്‍ കൊണ്ടിട്ടു. അവര്‍ കൊണ്ടുവന്ന തുണി അഴിച്ചുമാറ്റി ചാക്കുകീറി കസേരയില്‍ കൈയും കാലും കെട്ടിയിട്ട് ഇരുത്തി. വീണ്ടും കവര്‍ച്ചക്കൊരുങ്ങവേയാണ് താന്‍ കെട്ടുകളഴിച്ച് മുകളിലേക്ക് പോയി മറ്റൊരു വാച്ച്മാന്റെ ഫോണില്‍ പോലീസിനെ വിളിച്ചതെന്നും അബ്ദുള്ള പറയുന്നു. അത് മനസ്സിലാക്കിയ കവര്‍ച്ചസംഘം രക്ഷപ്പെടുകയായിരുന്നു. അബ്ദുള്ളയ്ക്ക് തലക്കും നെറ്റിയിലും തുന്നിക്കെട്ടുണ്ട്.

അടിയേറ്റ് ഇടതുകണ്ണ് തുറക്കാനാവുന്നില്ല. വായില്‍ ബലം പ്രയോഗിച്ച് തുണി തിരുകിയതിനാല്‍ തൊണ്ടയില്‍നിന്ന് രക്തം വരുന്നുണ്ട്. അടിയേറ്റ് ചുണ്ടുകള്‍ വീങ്ങിയിട്ടുണ്ട്. സ്‌കാനിങ് നടത്തിയപ്പോള്‍ അടിയേറ്റ ഇടതു കണ്ണിന്റെ ഞരമ്പിന് പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇനിയും സ്‌കാനിങ് ചെയ്യാനുണ്ട്.

ഒരാഴ്ച ആസ്പത്രിയില്‍ ചികിത്സ വേണ്ടിവരുമെന്നാണ് കരുതുന്നത്. കുമ്പള കളത്തൂര്‍ ബംബ്രാണയിലെ അബ്ദുള്ള പത്തുവര്‍ഷത്തിലേറെയായി രാജധാനി ജൂവലറിയിലെ സുരക്ഷാജീവനക്കാരനായി ജോലിചെയ്തുവരികയാണ്.

കീഴ്‌പ്പെടുത്തിയത് 30 സെക്കന്‍ഡ് കൊണ്ട് 

മഞ്ചേശ്വരം: ഹൊസങ്കടിയിലെ ജൂവലറിയില്‍ കവര്‍ച്ച നടത്തുന്നതിനുമുന്‍പ് മോഷ്ടാക്കള്‍ സുരക്ഷാജീവനക്കാരനെ കീഴ്പ്പെടുത്തിയത് വെറും 30 സെക്കന്‍ഡുകൊണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 1.58 മുതലാണ് സി.സി.ടി.വി.യില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. 58 മിനിറ്റുള്‍ക്കുശേഷം ഏഴ് സെക്കന്‍ഡുകള്‍ പിന്നിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ ജൂവലറിക്ക് മുന്‍പിലെത്തുന്നത്. തുടര്‍ന്ന് സുരക്ഷാജീവനക്കാരനെ മര്‍ദിക്കുന്നതും കെട്ടിയിടാന്‍ ശ്രമിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. 1.58-നുശേഷം 36 സെക്കന്‍ഡുകള്‍ വരെ ഇത് തുടര്‍ന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

അക്രമം: ശിക്ഷ ഉറപ്പാക്കണം

ചെറുവത്തൂര്‍: സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും ജില്ലാ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷയും ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് ജില്ലാ ഭാരവാഹികളായ നാരായണന്‍ തെരുവത്ത്, കെ.സുഗജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട്ടെ 'രാജധാനി'യില്‍ കവര്‍ച്ച നടന്നിട്ട് 11 വര്‍ഷം, പാതി സ്വര്‍ണം കിട്ടിയില്ല 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രാജധാനി ഗോള്‍ഡില്‍ കവര്‍ച്ച നടന്നിട്ട് 11 വര്‍ഷം കഴിഞ്ഞു. ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതുവരെ വിചാരണ നടന്നിട്ടില്ല. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലാണ് കേസ് ഫയല്‍. പുനരന്വേഷണം ആവശ്യപ്പെട്ട് സ്ഥാപന ഉടമ അബ്ദുള്‍കരീം മേല്‍ക്കോടതിയെ സമീപിച്ചതിനാലാണ് വിചാരണ നടക്കാതിരുന്നത്. 

തിങ്കളാഴ്ച കവര്‍ച്ച നടന്ന ഹൊസങ്കടിയിലെ രാജധാനി ജൂവലറിയുമായി കാഞ്ഞങ്ങാട്ടെ സ്ഥാപനത്തിന് ബന്ധമൊന്നുമില്ല. 2010 ഏപ്രില്‍ 14-നാണ് കവര്‍ച്ച നടന്നത്. 15.80 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. കാഞ്ഞങ്ങാട്ടെ അബ്ദുള്‍ ലത്തീഫ് ഉള്‍പ്പടെ ആറുപേരെയാണ് അന്നത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ജോസി ചെറിയാന്‍ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലായി കിട്ടിയത് 7.520 കിലോ സ്വര്‍ണം മാത്രം. ഈ സാഹചര്യത്തിലാണ് ബാക്കി സ്വര്‍ണം കണ്ടെത്തണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ വിചാരണക്കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവായിരുന്നു. അതിനുശേഷം തുടര്‍ നടപടികളൊന്നുമായിട്ടില്ല. കെട്ടിടത്തിന്റെ പിറകിലുള്ള ഇന്‍വെര്‍ട്ടര്‍ റിപ്പയര്‍ ഷോപ്പ് കുത്തിത്തുറന്ന് അതിനകത്തുനിന്ന് ജൂവലറിയിലേക്ക് തുരങ്കമുണ്ടാക്കിയായിരുന്നു മോഷ്ടാക്കള്‍ അകത്തു കയറിയത്. സാക്ഷിയായ ഇന്‍വെര്‍ട്ടര്‍ കടയുടമ ഭാസ്‌കരന്‍ മരിച്ചു. നിലവില്‍ കാഞ്ഞങ്ങാട്ടെ രാജധാനി ഗോള്‍ഡ് ഇല്ല. ഈ സ്ഥാപനം നിന്നിരുന്ന കെട്ടിടമെല്ലാം പൊളിച്ച് ബഹുനില കെട്ടിടം പണിതു. കേസിലെ മുഖ്യ പ്രതി അബ്ദുള്‍ ലത്തീഫാണ് ചെറുവത്തൂര്‍ വിജയ ബാങ്കിലും കവര്‍ച്ച നടത്തിയത്. ഈ കേസില്‍ ലത്തീഫ് 10 വര്‍ഷം ശിക്ഷിക്കപ്പെട്ടു.

Content Highlights: hosangadi jewellery robbery security abdulla narrates the incident