കാസര്‍കോട്: ഹൊസങ്കടി ജൂവലറി കവര്‍ച്ചാക്കേസിലെ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇന്നോവ കാര്‍ പിടികൂടിയത്. വാഹനത്തില്‍നിന്ന് ഏഴ് കിലോഗ്രാം വെള്ളിയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തായും വിവരമുണ്ട്. 

കവര്‍ച്ച നടത്തിയ പ്രതികളെക്കുറിച്ച് കഴിഞ്ഞദിവസം തന്നെ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കവര്‍ച്ചാസംഘത്തിലെ പ്രധാനികളെല്ലാം കര്‍ണാടക സ്വദേശികളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ പ്രൊഫഷണല്‍ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറയുന്നു. 

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ രാജധാനി ജൂവലറിയില്‍ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ഏകദേശം 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ സുരക്ഷാജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Content Highlights: hosangadi jewellery robbery case vehicle seized by police from ullal