ചെന്നൈ: മകളുടെ കാമുകനായ ദളിത് യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു. തഞ്ചാവൂര്‍ ജില്ലയില്‍ കുംഭകോണത്തെ മണികണ്ഠനാ(52)ണ് 17-കാരിയായ മകളുമായി പ്രണയത്തിലായിരുന്ന പ്രഭാകരനെ (24) കുത്തിക്കൊന്നത്.

മറ്റൊരു ജാതിയില്‍പ്പെട്ടയാളായ മണികണ്ഠന്‍ ഏതാനും ദിവസംമുമ്പ് പ്രഭാകരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മകളുമായി പ്രണയം തുടര്‍ന്നാല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. എങ്കിലും പ്രഭാകരന്‍ പ്രണയം തുടര്‍ന്നു. ശനിയാഴ്ച രാത്രി മണികണ്ഠന്‍ പ്രഭാകരനെ ഫോണില്‍ വിളിച്ച് അടിയന്തരകാര്യം സംസാരിക്കണമെന്ന് അറിയിച്ചു.

സുഹൃത്തിനൊപ്പം പ്രഭാകരന്‍ കുംഭകോണം കാമാക്ഷപുരത്തെ കോണുലാംപല്ലം റോഡില്‍ എത്തിയപ്പോള്‍ മണികണ്ഠന്‍ മദ്യക്കുപ്പി ഉപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നു. പിന്നീട് കത്തിയുപയോഗിച്ചും കുത്തി. ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കാര്‍ത്തിയും ഇയാളോടൊപ്പമുണ്ടായിരുന്നു. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ പ്രഭാകരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണികണ്ഠനും കാര്‍ത്തിയും ചേര്‍ന്നാണ് പ്രഭാകരനെ കൊന്നതെന്ന് സഹോദരി പ്രിയങ്ക പന്തനല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 342, 324, 302, 109 വകുപ്പുകള്‍പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മണികണ്ഠനെയും കാര്‍ത്തിയെയും പോലീസ് അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി ദളിതര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും ഈ പ്രവണതയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.