പുണെ: പിംപ്രി ചിഞ്ച്വാഡിലെ പിംപ്ലെ സൗദാഗറില്‍ ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് 20-കാരനായ ദളിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു. വിരാജ് വിലാസ് ജഗ്തപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.

ജൂണ്‍ ഏഴിന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്നും മരിച്ച ജഗ്തപിന്റെ അമ്മാവന്‍ ജിതേഷ് ജഗ്തപിന്റെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തതെന്നും പോലീസ് പറഞ്ഞു.

ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ജഗ്തപിനെ പ്രതികളായ ആറുപേരും ടെമ്പോവാനില്‍ പിന്തുടരുകയും വിരാജിന്റെ ബൈക്കിന്റെ പിറകില്‍ ടെമ്പോ ഇടിച്ചുകയറ്റുകയുമായിരുന്നെന്ന് പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നു. റോഡില്‍വീണ യുവാവിനെ പ്രതികളിലൊരാള്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാള്‍ കല്ലുകൊണ്ട് ആക്രമിക്കുകയുംചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനായ ജഗദീഷ്‌കാട്ടെ മകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ജഗ്തപിനുനേരെ ജാതീയ അധിക്ഷേപങ്ങള്‍ നടത്തുകയും മുഖത്തുതുപ്പുകയും ചെയ്‌തെന്നും പറയുന്നു. 

Content Highlights: honour killing in pune; dalit youth killed by girl's relatives