ഇസ്ലാമാബാദ്: യുവാവിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ പാകിസ്താനില്‍ രണ്ട് പെണ്‍കുട്ടികളെ വെടിവെച്ചു കൊന്നു. 16, 18 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കുടുംബാംഗം തന്നെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ പ്രചരിച്ചതിലെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പാകിസ്താനിലെ ഉള്‍നാടന്‍ അതിര്‍ത്തി ഗ്രാമമായ ഷാം പ്ലെയ്ന്‍ ഗര്‍യൂമില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞതോടെ പോലീസ് സംഘം ഇവിടേക്ക് അന്വേഷണത്തിനായി പുറപ്പെട്ടിട്ടുണ്ടെന്ന് പാകിസ്താന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഒരു യുവാവും മൂന്ന് പെണ്‍കുട്ടികളും ചേര്‍ന്ന് വിജനമായ സ്ഥലത്ത് നിന്ന് ചിത്രീകരിച്ച വീഡിയോയാണ് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു വര്‍ഷം മുമ്പ് ചിത്രീകരിച്ച വീഡിയോയാണെങ്കിലും കഴിഞ്ഞദിവസങ്ങളിലാണ് ഇത് വ്യാപകമായി പ്രചരിച്ചത്. വീഡിയോയില്‍ ഉള്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതോടെ മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തി അവരുടെ ജീവന്‍ രക്ഷിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ഏറ്റവുമധികം അതിക്രമം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. ഇത്തരം സംഭവങ്ങള്‍ പാകിസ്താനിലെ ഗുരുതരപ്രശ്‌നമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായം. ഏകദേശം ആയിരത്തോളം പേരെങ്കിലും ഒരു വര്‍ഷം പാകിസ്താനില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
Content Highlights: honour killing in pakistan, two girls shot dead