മൈസൂരു: മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാത്തതിന് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മൈസൂരു ജില്ലയിലെ പെരിയപട്ടണയിലാണ് സംഭവം.

കർഷകനായ ജയറാമിന്റെ മകൾ ഗായത്രി (19) യാണ് കൊല്ലപ്പെട്ടത്. പഠനംനിർത്തിയ ഗായത്രി മെഡിക്കൽഷോപ്പിൽ ജോലിചെയ്യുന്ന അന്യജാതിക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ജയറാം പലതവണ മകളോട് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു.

വെള്ളിയാഴ്ച കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ജയറാം ഗായത്രിയോട് ഉച്ചഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഭക്ഷണവുമായി എത്തിയ മകളോട് യുവാവുമായുള്ള ബന്ധം നിർത്താൻ ജയറാം ആവശ്യപ്പെട്ടു. എന്നാൽ, ഗായത്രി ഇക്കാര്യം അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെ രോഷാകുലനായ ജയറാം കൃഷിയിടത്തിലുണ്ടായിരുന്ന കൊടുവാളുപയോഗിച്ച് വെട്ടിക്കാല്ലുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഗായത്രി ഉൾപ്പെടെ നാലുമക്കളാണ് ജയറാമിനുള്ളത്. ഗായത്രിയുടെ പ്രണയബന്ധം മറ്റു മക്കളുടെ ഭാവിയെ ബാധിക്കുമെന്ന് ഭയന്നാണ് ജയറാം കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പെരിയപട്ടണ ടൗൺ പോലീസ് കേസെടുത്തു.

Content Highlights:honour killing in mysuru father killed daughter