ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍  യുവാവിന്റെ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പോലീസ്. കേസില്‍ യുവാവിന്റെ ഭാര്യാമാതാവിനെയും രണ്ട് വാടകക്കൊലയാളികളെയും അറസ്റ്റ് ചെയ്തു. 

മഗാജിവാലി സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലാണ് ജോധ്പുര്‍ പോലീസ് 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയത്. വിനോദിന്റെ ഭാര്യാമാതാവ് ഗ്യാര്‍സി ദേവി, ഇവരുടെ അയല്‍ക്കാരും വാടക കൊലയാളികളുമായ ഗബ്ബാര്‍ സിങ് രാജ്പുരോഹിത്, ധന്‍രാജ് വൈഷ്ണവ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം ദുരഭിമാനക്കൊലയാണെന്നും അഞ്ച് ലക്ഷം രൂപയ്ക്കാണ് ദേവി മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും പോലീസ് പറഞ്ഞു. തന്റെ അനുവാദമില്ലാതെ മകള്‍ വിനോദിനെ വിവാഹം കഴിച്ചത് ദേവിയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കി. 

ശനിയാഴ്ചയാണ് സുര്‍പുര ഡാമിന് സമീപം വലിയ പ്ലാസ്റ്റിക് കവറില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് വിനോദ് ആണെന്ന് കണ്ടെത്തി. ഇതിനിടെ രണ്ടുപേരാണ് മൃതദേഹം ഡാമിന് സമീപം ഉപേക്ഷിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. 

സംഭവദിവസം വിനോദ് ഭാര്യാമാതാവിന്റെ വീട്ടിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായി. തുടര്‍ന്ന് ദേവിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പോലീസിന്റെ ചോദ്യംചെയ്യലില്‍ മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് ദേവി സമ്മതിച്ചു. കൊലപാതകം നടത്താന്‍ അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ അയല്‍ക്കാരായ രാജ്പുരോഹിതിനും വൈഷ്ണവിനും നല്‍കിയത്. തുടര്‍ന്ന് ദേവിയുടെ വീട്ടിലെത്തിയ വിനോദിനെ ഇരുവരും മദ്യപിക്കാന്‍ ക്ഷണിച്ചു. ഇവിടെവെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷമാണ് മൃതദേഹം വെട്ടിനുറുക്കി വലിയ കവറിലാക്കി ഡാമിന് സമീപം ഉപേക്ഷിച്ചത്. 

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി.

Content Highlights:  honour killing in jodhpur victims mother in law and two others arrested by police