ന്യൂഡല്‍ഹി:  ഇതരജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് 23-കാരനെ കുത്തിക്കൊന്നു. ഹരിയാണയിലെ പാനിപത്ത് സ്വദേശി നീരജിനെയാണ് ഭാര്യ കോമളിന്റെ സഹോദരന്മാര്‍ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 

വ്യത്യസ്ത ജാതിയില്‍പ്പെട്ട നീരജും കോമളും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. എന്നാല്‍ നീരജുമായുള്ള ബന്ധത്തില്‍ കോമളിന്റെ പിതാവും സഹോദരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇവര്‍ ദമ്പതിമാരെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നീരജിനെ കൊലപ്പെടുത്തിയത്. 

വെള്ളിയാഴ്ച രാത്രി പാനിപത്തിലെ ചന്തയില്‍വെച്ചാണ് കോമളിന്റെ രണ്ട് സഹോദരന്മാര്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നത്. ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇരുവരും നീരജിനെ ചന്തയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതികള്‍ നിരവധി തവണ ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിന് ശേഷം ഇവര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നീരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അതിനിടെ, പോലീസിന്റെ വീഴ്ചയാണ് നീരജിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് സഹോദരന്‍ ജഗദീഷ് ആരോപിച്ചു. പലതവണ ഭീഷണിയുണ്ടായപ്പോള്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പോലീസ് പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവദിവസം കോമളിനെ ഫോണില്‍ വിളിച്ച സഹോദരന്മാര്‍ നീ വൈകാതെ കരയുമെന്നാണ് പറഞ്ഞത്. നീരജിന്റെ കൊലപാതകത്തിന് ശേഷം കൂടുതല്‍പേരുടെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ ആരോപിച്ചു. 

സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.  

Content Highlights: honour killing in haryana 23 year old stabbed to death