ആലുവ: യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ തൃശ്ശൂര്‍ പുറ്റേക്കര മുണ്ടൂര്‍ കൊല്ലന്നൂര്‍ വീട്ടില്‍ പൊമേറോ (29) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ബ്യൂട്ടീഷ്യനായ യുവതിയുമായാണ് ആലുവയിലെ മധ്യവയസ്‌കന്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇവര്‍ തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചാണ് പണം തട്ടി തുടങ്ങിയത്. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം രൂപ മധ്യവയസ്‌കന്‍ പലതവണകളായി നല്‍കി. പിന്നീട് രണ്ടര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ സുഹൃത്തായ പൊമേറോയാണ് പണം വാങ്ങാനെത്തിയത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഇയാളെ തന്ത്രപൂര്‍വം പോലീസ് പിടികൂടുകയായിരുന്നു. ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍, സി.പി.ഒമാരായ സി.കെ. മീരാന്‍, കെ.എ. നവാബ്, പി.എ. ഷമീര്‍ എന്നിവരുമുണ്ടായിരുന്നു.

Content Highlights: honey trap and blackmailing in aluva, one arrested