തിരുവനന്തപുരം: കഞ്ചാവ് ചെടികളിൽനിന്ന് 'ഹണി ഗോൾഡ്' എന്ന കഞ്ചാവ് ഓയിൽ നിർമിച്ചയാളെ എക്സൈസ് പിടികൂടി. ഇടുക്കി ഉപ്പുതോട് ചെന്നാംപാറ അക്ഷയ ഷാജി എന്ന ഷാജിമോനാണ് അറസ്റ്റിലായത്. തിരുവനന്തപുരം ഈഞ്ചയ്ക്കലിൽനിന്ന് ഒരു കിലോ ഹാഷിഷ് ഓയിൽ പിടിച്ച കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
ആന്ധ്ര നരസിപട്ടണം ധാരാകോണ്ടയിൽ കഞ്ചാവുകൃഷി ചെയ്യുന്ന ഇയാൾ 17 കിലോ ഹാഷിഷ് ഓയിൽ കൈമാറിയ ശേഷം ഇടുക്കിയിലേക്ക് മടങ്ങുമ്പോഴാണ് പിടിയിലായത്. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ബെംഗളൂരു സ്വദേശിയായ ഷിഫാന് 10 കിലോ ഹാഷിഷും സ്വർണ എന്ന മലയാളി യുവതിക്ക് ഏഴു കിലോ ഹാഷിഷും കൈമാറിയതായി കണ്ടെത്തി. ഉപരിപഠന പ്രവേശന ഏജന്റായി പ്രവർത്തിക്കുന്ന സ്വർണയ്ക്ക് കന്നഡ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ബന്ധമുണ്ട്.
സംസ്ഥാനത്ത് ഒട്ടേറെ കേസുകളിൽ കുടുങ്ങിയതോടെയാണ് അക്ഷയ ഷാജി ആന്ധ്രയിലേക്ക് മാറിയത്. നക്സൽ മേഖലകളിൽ ആദിവാസി യുവാക്കളുടെ സഹായത്തോടെയാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നതെന്ന് ഇയാൾ മൊഴി നൽകി. ഗ്രീൻ ഹാഷിഷ് ഓയിൽ എന്ന പേരിൽ ചെറുകിട കച്ചവടത്തിനും ഷാജി പ്രത്യക ബ്രാൻഡ് ഉണ്ടാക്കിയിരുന്നു. എക്സൈസ് എൻഫോഴ്സമെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ്കുമാർ, ആർ.ജി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ ഹരികുമാർ, അനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഹാഷിഷ് നിർമാണവും വിപണനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽനിന്നുള്ള മൂന്ന് 'ഷാജി'മാരാണ് എക്സൈസിനെ വലയ്ക്കുന്നത്. ഇതിൽ ഒരാളാണ് ഇപ്പോൾ കുടുങ്ങിയ അക്ഷയ ഷാജി. മറ്റൊരു പ്രധാനിയായ അടിമാലി സ്വദേശി മൂർഖൻ ഷാജിയെ കഴിഞ്ഞ വർഷം പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കിയതിനു ശേഷം ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. മുരുക്കാശ്ശേരി കെണിയൻ ഷാജിയാണ് മറ്റൊരാള്‍. ഇയാളും ആന്ധ്രയിൽ ഉണ്ടെന്നാണ് സൂചന.
Content Highlights:honey gold hashish oil maker akshaya shaji arrested