കൊട്ടിയം : വീടിന്റെ മട്ടുപ്പാവിൽ ഒളിച്ചിരുന്ന മോഷ്ടാവ് വീട്ടമ്മയുടെ മൂന്നര പവൻറെ മാല കവർന്നു. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കഴുത്തിന് പരിക്കേറ്റ വീട്ടമ്മയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടരയോടെ പഴയാറ്റിൻകുഴി ലത്തീഫ് ടീ ഷോപ്പ് ജങ്‌ഷനടുത്തായിരുന്നു സംഭവം. ആലപ്പി ഹൗസിൽ ഷെഹീറിന്റെ ഭാര്യ ശാരിയുടെ മാലയാണ് പൊട്ടിച്ചെടുത്ത് മോഷ്ടാവ്‌ കടന്നത്. വീടിന്റെ സൺ ഷെയ്ഡിൽ ഒളിച്ചിരുന്ന മോഷ്ടാവ് മുകളിൽനിന്ന്‌ താഴേക്കുചാടി വീടിന്‌ പുറത്തുനിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

മോഷ്ടാവ് മുഖം മറച്ചിരുന്നതായി വീട്ടമ്മ പറയുന്നു. വിവരമറിഞ്ഞ് ഇരവിപുരം സി.ഐ.യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.

ചുമരുകളിൽ ഭീഷണിസന്ദേശങ്ങൾ

കൊല്ലം : വീടുകളുടെ ചുമരുകളിൽ രാത്രിയോടെ പ്രത്യക്ഷപ്പെട്ട ഭീഷണിസന്ദേശങ്ങൾ പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തി. വടക്കേവിള ശ്രീനാരായണപുരം ഭാഗത്തെ വീടുകളുടെ ചുമരുകളിലാണ് രാത്രിയോടെ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. ‘ഇന്ന് ഞങ്ങൾ ഇവിടെയും പരിസര പ്രദേശത്തും കയറും, പിടിക്കാമെങ്കിൽ പിടിച്ചോളൂ’ എന്നാണ് കരിക്കട്ടകൊണ്ട് എഴുതിയിട്ടുള്ളത്. ഒരു ഗുണനചിഹ്നവും സന്ദേശത്തിനൊപ്പമുണ്ട്. ദിവസങ്ങളായി പ്രദേശത്തുള്ള മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം കൂടിയായപ്പോൾ ഭയപ്പാടിലാണ് നാട്ടുകാർ. ഇരവിപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Content Highlights: home  robbery with threatening messages on wall