കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വയോധികയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്‌സ് കുത്തിക്കൊന്നു. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ ഹോം നഴ്‌സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് നല്‍കിയിരിക്കുന്ന മൊഴി. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്‌സായി ജോലി നോക്കുന്നു.

കുത്തേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് തോബിയാസ് മരിച്ചത്. തോബിയാസിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍, പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

തോബിയാസ് പലപ്പോഴും അമ്മയെയും ലോറന്‍സിനെയും ആക്രമിക്കാറുണ്ടെന്നും ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തിനിടെ ലോറന്‍സ് ഇയാളെ കുത്തുകയായിരുന്നെന്നും പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പലതവണ കഞ്ചാവ് കേസില്‍ പെട്ടിട്ടുള്ളയാളാണ് കൊല്ലപ്പെട്ട തോബിയാസെന്നാണ് പോലീസ് നല്‍കുന്ന സൂചന. അവിവാഹിതനാണ്.

Content Highlight: Home nurse kills house owner for he try to kill his mother