മൂന്നാർ: മുംബൈ സ്വദേശിയുടെ വീട്ടിൽ നിന്ന്‌ വജ്രം, സ്വർണാഭരണങ്ങൾ എന്നിവ മോഷ്ടിച്ചു കടന്ന യുവതിയെ മൂന്നാറിൽ നിന്ന്‌ മുംബൈ പോലീസ് അറസ്റ്റ്‌ ചെയ്തു. കണ്ണൻദേവൻ കമ്പനി കടലാർ ഈസ്റ്റ് ഡിവിഷനിൽ ഉമാമഹേശ്വരിയെയാണ്‌(24) ചെമ്പൂർ സി.ഐ. യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ ചെയ്തത്. ചെമ്പൂർ സ്വദേശിയായ രാജ് തിലക്‌ ബുഹാരിയുടെ വീട്ടിലെ ഹോംനഴ്സായി ജോലി ചെയ്തിരുന്ന യുവതി മുംബൈ സ്വദേശിയായ കിരൺ ഷിൻഡെ എന്ന യുവാവിനെ വിവാഹം കഴിച്ച് അവിടെയാണ് കഴിഞ്ഞിരുന്നത്. ജോലിക്ക് നിന്നിരുന്ന വീട്ടിൽ ആളില്ലാതിരുന്നപ്പോഴും രാത്രിയിലും വീടിന്റെ വാതിൽ ഭർത്താവിന് തുറന്നുനൽകിയാണ് പലപ്പോഴായി മോഷണം നടത്തിയത്. മോഷണവിവരം വീട്ടുകാർ അറിഞ്ഞതോടെ ഒരു മാസം മുൻപ് യുവതി മൂന്നാറിലേക്ക് കടന്നു. ഭർത്താവ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

15 ലക്ഷം രൂപയുടെ സ്വർണ-വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പരാതി. വ്യാഴാഴ്ച വെളുപ്പിന് മുംബൈയിൽനിന്നെത്തിയ പോലീസ് സംഘം മൂന്നാർ പോലീസിന്റെ സഹായത്തോടെ കടലാറിലുള്ള എസ്റ്റേറ്റിലെ വീട്ടിൽനിന്നാണ് യുവതിയെ പിടികൂടിയത്. ഇവരുടെ വീട്ടിൽ നിന്ന്‌ അഞ്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കുറച്ച്‌ സ്വർണം അമ്മയെക്കൊണ്ട് പണയംവയ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. ഈ സ്വർണം കണ്ടെടുത്ത് യുവതിയെ ദേവികുളം കോടതിയിൽ ഹാജരാക്കിയശേഷം മുംബൈക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.

Content Highlight: Home nurse arrested for robbed worth 15 lakhs gold and diamond