ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

വ്യാഴാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും വ്യാപകമായ പരിശോധന നടത്തുകയും ചെയ്തു. സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവരും പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 11.15 ഓടെ താജ്മഹല്‍ വീടും സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. 

Content Highlights: hoax bomb threat to tajmahal a man from firozabad arrested by police