ബാങ്കോക്ക്: കൗമാരക്കാരായ എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്‌ലന്‍ഡ് പോലീസ് പിടികൂടി. തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. 43കാരനായ ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്നും, 18 വയസ്സിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തതിനുശേഷമാണ് പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 13നും 18 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒട്ടേറെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. സൈനിക ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പരാതി ലഭിച്ചതിന് പിന്നാലെ തായ്‌ലന്‍ഡ് പോലീസ് സംഘം ഖോന്‍കെയ്ന്‍ പ്രവിശ്യയിലെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ചില മരുന്നുകള്‍ ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്ന സംശയമുണര്‍ത്തി. തുടര്‍ന്ന് എച്ച്.ഐ.വി രോഗികള്‍ കഴിക്കുന്ന മരുന്നുകളാണിതെന്ന് പോലീസ് സംഘം സ്ഥിരീകരിച്ചു. ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ എച്ച്.ഐ.വി പോസിറ്റീവാണെന്നും വ്യക്തമായി. ഇതോടെ സൈനിക ഉദ്യോഗസ്ഥനില്‍നിന്ന് കുട്ടികളിലേക്ക് എച്ച്.ഐ.വി ബാധ പകര്‍ന്നിട്ടുണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അതേസമയം.

നിലവില്‍ ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. തായ്‌ലന്‍ഡ് നിയമപ്രകാരം വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, സംഭവത്തില്‍ ഇനിയും വിശദമായ അന്വേഷണം നടത്തുമെന്നും, ഇരകളായ കൂടുതല്‍പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.