ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ ഹൈദരാബാദില്‍ പ്രതികാര കൊലപാതകം. ഗുണ്ടാനേതാവും കൊലപാതകമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ അക്രമികള്‍ തലയറുത്ത് കൊന്നു. സിദ്ദിപേട്ടിന് സമീപം രാമഞ്ച ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 

2014 ല്‍ പോലീസുകാരനെ വധിച്ചത് ഉള്‍പ്പെടെ ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യെല്ലാം ഗൗഡയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഗൗഡയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 

തലയും വലതുകൈയും അറുത്തുമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ചൂതാട്ടകേന്ദ്രത്തില്‍നിന്ന് രാത്രി വൈകി ബൈക്കില്‍ രാമഞ്ചയിലേക്ക് പോകുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കണ്ണുകളില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് ക്രൂരമായി വെട്ടിനുറുക്കിയതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നില്‍ മറ്റൊരു ഗുണ്ടാനേതാവായ വെങ്കട്ടും സംഘവുമാണെന്നാണ് പോലീസിന്റെ സംശയം. കേസില്‍ വെങ്കട്ട് ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞവര്‍ഷവും യെല്ലാം ഗൗഡയെ വെങ്കട്ടും സംഘവും വധിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഗുരുതരമായ പരിക്കുകളോടെ ഇയാള്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. 

Content Highlights: history sheeter killed in telangana