വിശാഖപട്ടണം: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയയാളെ സ്ത്രീകള്‍ മര്‍ദിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മല്‍ക്കാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചിന്നറാവുവിനെയാണ് സ്ത്രീകള്‍ കൂട്ടത്തോടെ എത്തി നടുറോഡിലിട്ട് മര്‍ദിച്ചത്. 

ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളോടാണ് ചിന്നറാവു മോശമായി പെരുമാറിയത്. പെണ്‍കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ചിന്നറാവുവിന്റെ പെരുമാറ്റത്തില്‍ ഭയന്ന പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ചെത്തി ചിന്നറാവുവിനെ കൈകാര്യം ചെയ്തത്. 

പ്രദേശത്തെ മാര്‍ക്കറ്റില്‍വെച്ചാണ് സ്ത്രീകള്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് സംഘം ചേര്‍ന്ന് മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഒടുവില്‍ പോലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്. ചിന്നറാവുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നേരത്തെയും സമാനകേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. 

Content Highlights: history sheeter attacked by women in visakhapattanam malkapuram for misbehaving girls