പാലക്കാട്: ദേശീയപാതകളില്‍ വാഹനങ്ങള്‍ ആക്രമിച്ച് കവര്‍ച്ചനടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശ്ശൂര്‍ എറവക്കാട് ചിറ്റിശ്ശേരി ഇല്ലിക്കല്‍വീട്ടില്‍ ശ്രീജിത്തിനെ (കണ്ണന്‍-35) യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ഞായറാഴ്ച രാവിലെ പെരുമ്പാവൂരില്‍ അറസ്റ്റ് ചെയ്തത്. 2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

പാലക്കാട് മണലി ബൈപ്പാസ് റോഡില്‍ മലപ്പുറംസ്വദേശിയായ മുഹമ്മദ് ബഷീറും സുഹൃത്തും സഞ്ചരിച്ച കാര്‍, ലോറിയുപയോഗിച്ച് തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കാറും 60ലക്ഷം രൂപയും കവരുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശ്രീജിത്ത് ഏറെനാളായി ഒളിവിലായിരുന്നു.

സിനിമാമേഖലയുമായി ബന്ധമുള്ളയാളാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള 15 പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ഇതില്‍ 11പേരെ ടൗണ്‍ നോര്‍ത്ത് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചയ്ക്കുശേഷം ഇയാള്‍ പോണ്ടിച്ചേരി, ചെന്നൈ എന്നീ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. മോഷണം നടത്തിയതിനുശേഷം പ്രതി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതിനാലാണ് ഇയാളെ പിടികൂടാന്‍ സാധിക്കാതിരുന്നത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവൈ.എസ്.പി. ശശികുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

ഹേമാംബികനഗര്‍ ഇന്‍സ്പെക്ടര്‍ എ.സി. വിപിന്‍, ടൗണ്‍ നോര്‍ത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. രാജേഷ്, എ.എസ്‌.െഎ. രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍പോലീസ് ഉദ്യോഗസ്ഥനായ പി.എച്ച്. നൗഷാദ്, ദിജേഷ്, സിവില്‍പോലീസ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ആര്‍. രഘു, എം. മഹേഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.