ലഖ്നൗ: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളികളിൽ ഒരാളായ അജയ് എന്ന കാലിയ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച യു.പി. പോലീസിന്റെ പ്രത്യേക ദൗത്യസംഘവും(എസ്.ടി.എഫ്.) നോയിഡ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസിന് നേരേ വെടിയുതിർത്ത കാലിയയ്ക്ക് പോലീസ് തിരികെ വെടിയുതിർത്തപ്പോൾ പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു.

ഇയാളിൽനിന്ന് നാടൻത്തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചുറ്റികയും വിവിധ രൂപത്തിലുള്ള ആണികളും കണ്ടെടുത്തു. ഉത്തർപ്രദേശിലെ നാല് ജില്ലകളിലും ഹരിയാണയിലും ബലാത്സംഗം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് കാലിയ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ബുധനാഴ്ച പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക ദൗത്യസംഘവും നോയിഡ പോലീസും കാലിയക്കായി തിരച്ചിൽ നടത്തിയത്. ഇയാൾ നോയിഡ സെക്ടർ-14-ൽ വരുമെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസ് സംഘം ഇവിടെ കാത്തിരുന്ന് കാലിയയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പോലീസിന് നേരേ വെടിയുതിർത്തെന്നാണ് എസ്.ടി.എഫ്. എ.എസ്.പി. രാജ്കുമാർ മിശ്ര പ്രതികരിച്ചത്. തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തപ്പോൾ ഇയാൾ പരിക്കേറ്റ് വീണു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വന്‍ ക്രിമിനൽസംഘത്തെയാണ് കാലിയ നയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈവേകൾ കേന്ദ്രീകരിച്ച് കൊള്ള നടത്തുന്നതാണ് ഈ സംഘത്തിന്റെ പതിവ്. ഹൈവേകളിൽ അള്ളുവെച്ച് വാഹനത്തിന്റെ ടയർ പഞ്ചറാക്കുകയും യാത്രക്കാരെ കൊള്ളയടിക്കുന്നതുമാണ് രീതി. യാത്രക്കാരിൽ സ്ത്രീകളുണ്ടെങ്കിൽ അവരെ ബലാത്സംഗവും ചെയ്യും.

2020 ജനുവരിയിൽ കാലിയയുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാണയിലെ പൽവാലിൽ ഇത്തരത്തിൽ 14-കാരിയെ ബലാത്സംഗം ചെയ്തിരുന്നു. 2019 ഒക്ടോബറിൽ യമുന എക്സ്പ്രസ് വേയിൽ 10 ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒട്ടേറെ കേസുകളാണ് കാലിയക്കും സംഘത്തിനുമെതിരേ നിലവിലുള്ളത്.

Content Highlights:highway robber and rapist kalia killed in an encounter