കൊൽക്കത്ത: സി.ബി.ഐ. ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ. കൽക്കട്ട ഹൈക്കോടതിയിലെ അഭിഭാഷകനായ സനാതൻ റായ് ചൗധരിയെയാണ് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ആൾമാറാട്ടത്തിന് പുറമേ വ്യാജരേഖ ചമച്ചതിനും ഭൂമി തട്ടിയെടുക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിനും ഇയാൾക്കെതിരേ ആരോപണങ്ങളുണ്ട്.

ബംഗാൾ സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി നീല ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാറിലാണ് സ്ഥിരമായി യാത്രചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ സി.ബി.ഐ. സ്പെഷ്യൽ കോൺസലാണെന്നും അവകാശപ്പെട്ടിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ ദേബാഞ്ജൻ ദേബ് എന്നയാളെ കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ വ്യാജ വാക്സിനേഷൻ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. കൊൽക്കത്ത പോലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്ന ഈ കേസിൽ ദേബാഞ്ജൻ അടക്കം ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Content Highlights:highcourt lawyer arrested in kolkata for posing as cbi official