നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന കൊക്കെയ്‌നുമായി വിദേശ വനിത കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴി കൊച്ചിയിലെത്തിയ ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപേ ജൂലി (21) ആണ് 580 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായത്. മതിയായ രേഖകളില്ലാതെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. എമിഗ്രേഷന്‍ വിഭാഗം ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റിനെ അറിയിച്ചു. ഡി.ആര്‍.ഐ. എത്തി ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലാബില്‍ അയച്ച് പരിശോധന നടത്തിയാണ് പിടിച്ചത് കൊക്കെയ്ന്‍ തന്നെയാണോ എന്ന് ഉറപ്പിച്ചത്.

മതിയായ യാത്രാരേഖകള്‍ ഇല്ലാതെ എത്തുന്നവരെ സാധാരണയായി മടക്കി അയയ്ക്കാറാണ് പതിവ്. കൊക്കെയ്ന്‍ കണ്ടെത്തിയതിനാലാണ് തിരിച്ചു വിടുന്നതിനു പകരം സ്ത്രീയെ പിടിച്ചുവെച്ചത്.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരു യുവതിയെക്കുറിച്ചും ഡി.ആര്‍.ഐ.യ്ക്ക് വിവരം ലഭിച്ചു. ഇവരെ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍നിന്ന് പിടിച്ചു. ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റ് (32) ആണ് പിടിയിലായത്. ഇവര്‍ കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയിലെത്തിയതാണ്. ഇവരും മയക്കുമരുന്നുമായി കൊച്ചിയിലെത്തിയതാണെന്നാണ് നിഗമനം.