അഹമ്മദാബാദ്:  ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്തത് 19,000 കോടി രൂപയുടെ ഹെറോയിനെന്ന് ഡി.ആര്‍.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍. അഫ്ഗാനിസ്താനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ തുറമുഖത്തുനിന്നാണ് ഗുജറാത്തിലേക്ക് അയച്ചതെന്നും സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡി.ആര്‍.ഐ. അറിയിച്ചു. 

കഴിഞ്ഞദിവസമാണ് മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളില്‍നിന്ന് മൂന്ന് ടണ്‍ ഹെറോയിന്‍ ലഹരിമരുന്ന് ഡി.ആര്‍.ഐ. പിടിച്ചെടുത്തത്. ടാല്‍കം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്‌നറുകളിലായി എത്തിച്ചിരുന്നത്. ഒരു കണ്ടെയ്‌നറില്‍നിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്‌നറില്‍നിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഡി.ആര്‍.ഐ. റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കടത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ പരിശോധനകളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ലോകത്ത് ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്താനിലാണ്. ലോകത്തെ ലഹരിവിപണിയില്‍ എത്തുന്ന ഹെറോയിനില്‍ 80 ശതമാനവും അഫ്ഗാനിസ്താനില്‍നിന്നാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്റെ സഹായത്തോടെ അഫ്ഗാനിസ്താനിലെ ലഹരിമരുന്ന് ഉത്പാദനം അടുത്തിടെ വന്‍തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്തതോടെ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

Content Highlights: heroin worth 19000 crore seized in mundra port gujarat