ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നൂറുകോടിയുടെ മയക്കുമരുന്നുവേട്ട. വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗില്‍നിന്ന് ഖത്തര്‍ വഴി ചെന്നൈയില്‍ വിമാനത്തിലെത്തിയ രണ്ടുയാത്രക്കാരില്‍നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും.

ഒരുസ്ത്രീയടക്കം രണ്ടു ടാന്‍സാനിയന്‍ സ്വദേശികളാണ് പിടിയിലായത്. പെട്ടിക്കുള്ളില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നു കൊണ്ടുവന്നത്. മലയാളിയായ അസി.കസ്റ്റംസ് കമ്മിഷണര്‍ എന്‍.അജിത് കുമാര്‍, സൂപ്രണ്ട് വി.വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ഇത് പിടികൂടിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ഒട്ടേറെ അന്താരാഷ്ട്രവിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ ലഹരിക്കടത്ത് കുറഞ്ഞിരിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ ലഹരിമരുന്നിനു മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡുമാണ്. ഇതു മുതലെടുത്താണ് കടത്തിന് ശ്രമിച്ചത്.

content highlights: heroin worth 100 crore seized from chennai airport, two tanzanian nationals arrested