മുംബൈ: എച്ച്.ഡി.എഫ്.സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സംഘ്‌വിയെ കൊലപ്പെടുത്തിയത് കവര്‍ച്ചാശ്രമത്തിനിടെയെന്ന് പ്രതിയുടെ മൊഴി. മുംബൈ പോലീസിന്റെ ചോദ്യംചെയ്യലിനിടെയാണ് പ്രതി സര്‍ഫറസ് ശൈഖ് ഇക്കാര്യം പറഞ്ഞത്. ബൈക്ക് വായ്പയുടെ തിരിച്ചടവിന് പണം കണ്ടെത്താനായിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തത്. എന്നാല്‍ കവര്‍ച്ചാശ്രമം പരാജയപ്പെട്ടതോടെ സിദ്ധാര്‍ഥിനെ കൊലപ്പെടുത്തുകയായിരുന്നു. 

പണത്തിന് ആവശ്യമുണ്ടായിരുന്ന സര്‍ഫറസ് സിദ്ധാര്‍ഥ് പതിവായി ഓഫീസില്‍ വരുന്നതും മടങ്ങുന്നതും നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ അഞ്ച്, ബുധനാഴ്ച കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് സര്‍ഫറസ് കവര്‍ച്ചാശ്രമം നടത്തിയത്. എന്നാല്‍ കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ സിദ്ധാര്‍ഥ് ബഹളംവെച്ചതോടെ സര്‍ഫറസ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

സിദ്ധാര്‍ഥിന്റെ കഴുത്തിലും മറ്റും പലതവണ കുത്തിയ ശേഷം മരണം ഉറപ്പുവരുത്തി. ശേഷം സിദ്ധാര്‍ഥിന്റെ കാറില്‍തന്നെ മൃതദേഹം കയറ്റി നവി മുംബൈ ഭാഗത്തേക്ക് പോയി. ഇതിനിടെ കല്ല്യാണിന് സമീപം മൃതദേഹവും കിലോമീറ്ററുകള്‍ക്കപ്പുറം കാറും ഉപേക്ഷിച്ചു. എന്നാല്‍ സിദ്ധാര്‍ഥിന്റെ മൊബൈല്‍ ഫോണ്‍ സര്‍ഫറസിന്റെ കൈവശമുണ്ടായിരുന്നു. 

സിദ്ധാര്‍ഥിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സര്‍ഫറസ് പോലീസിന്റെ പിടിയിലാകുന്നത്. സംഭവദിവസം രാത്രി സിദ്ധാര്‍ഥിനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. ഈ സമയം സര്‍ഫറസ് ആദ്യം ഫോണ്‍ എടുത്തെങ്കിലും അപ്പോള്‍തന്നെ ഫോണ്‍ ഓഫ് ചെയ്തു. പിന്നീട് വിളിച്ചപ്പോഴെല്ലാം ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു.

ഇതിനുപിന്നാലെയാണ് സിദ്ധാര്‍ഥ് സാംഘ്‌വിയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലനടത്തിയതെന്ന മൊഴി പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ഫറസിന് പിന്നില്‍ ആരെങ്കിലുമുണ്ടോ, ക്വട്ടേഷന്‍ കൊലപാതകമാണോ തുടങ്ങിയകാര്യങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Content Highlights: hdfc vice president sidharth sanghvi murder, accused given statement to police