കുറ്റിപ്പുറം: അരിലോറിയിൽ ഒളിപ്പിച്ചുകടത്തിയ 1,38,00,500 രൂപ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ലോറി ഡ്രൈവർ പൊന്നാനി സ്വദേശി വൈശാഖി(28)നെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തത് ഹവാല പണമെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെ എടപ്പാൾ കുറ്റിപ്പാലയിൽനിന്നാണ് ലോറി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. നാഗ്പുരിൽനിന്ന് തവനൂർ കൂരടയിലെ മൊത്തവ്യാപാര ഗോഡൗണിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി.

കൂരടയിലെ ഗോഡൗണിലെത്തിച്ച് ലോറി വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യഅറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട രഹസ്യവിവരമാണ് എക്സൈസ് സംഘത്തിനു ലഭിച്ചതെന്നാണ് സൂചന.

2000 രൂപയുടെ 16 നോട്ടുകൾ മാത്രമാണുണ്ടായിരുന്നത്. 500, 200, 100, 50 രൂപയുടെ നോട്ടുകളാണ് കൂടുതൽ. ലോറിയിൽ പ്രത്യേകമായി നിർമിച്ച അറകളിൽ നാലു ചാക്കുകളിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. അറകൾക്കുമുകളിലായി അരിച്ചാക്കുകൾ അട്ടിയിട്ട നിലയിലായിരുന്നു. ചാലിശ്ശേരിയിലെ സഹോദരങ്ങളായ ഷിജോയ്, ഷിനോയ് എന്നിവർക്കുനൽകാനുള്ള പണമാണിതെന്നാണ് ഡ്രൈവർ മൊഴിനൽകിയത്. ഇവിടെനിന്ന് അടയ്ക്കയുമായിപ്പോയ ലോറിയാണ് നാഗ്പുരിൽനിന്ന് അരിയുമായി തിരിച്ചെത്തിയത്. എക്സൈസ് സംഘം കേസ് കുറ്റിപ്പുറം പോലീസിന് കൈമാറി.

ഡ്രൈവറെയും പണവും ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർനടപടികൾക്കായി കേസ് എൻഫോഴ്സ്മെന്റിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

Content Highlights:hawala money seized from a lorry in kuttippuram