കുഴിത്തുറ: മാർത്താണ്ഡത്ത് ഹവാല തട്ടിപ്പിലൂടെ പലരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. മാർത്താണ്ഡം പാളയംകെട്ടി സ്വദേശി മണികണ്ഠൻ (40), അരുമന വെള്ളാങ്കോട് സ്വദേശി ജോൺ (38) എന്നിവരാണ് തിങ്കളാഴ്ച രാത്രി പോലീസിന്റെ പിടിയിലായത്.

മാർത്താണ്ഡം കഞ്ഞിക്കുഴി സ്വദേശി ജപമണി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർത്താണ്ഡം പോലീസ് കെണി ഒരുക്കി പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടുദിവസം മുമ്പ് ജപമണിയുമായി പരിചയത്തിലായ പ്രതികൾ 40 ലക്ഷം രൂപ നൽകിയാൽ ഒരു കോടി ഹവാല പണം തരാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. ഈ വിവരം ജപമണി പ്രത്യേക സംഘം എസ്.ഐ. ശിവശങ്കറിന് കൈമാറി.

പോലീസിന്റെ നിർദ്ദേശപ്രകാരം, ജപമണി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികൾ മാർത്താണ്ഡത്ത് എത്തുകയായിരുന്നു. എസ്.ഐ.മാരായ ശിവശങ്കർ, മുത്തുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടി.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ചാക്കുകെട്ട് തുറന്ന് പരിശോധിച്ചപ്പോൾ എ ഫോർ ഷീറ്റ് പേപ്പർ അടുക്കി വച്ച് അതിന്റെ പുറത്ത് 6000 രൂപ വരുന്ന 500 രൂപയുടെ നോട്ട് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. ആവശ്യക്കാരുടെ കൈയിൽ നിന്ന് പണം വാങ്ങിയ ശേഷം, കബളിപ്പിക്കുന്നതാണ് പ്രതികളുടെ പതിവെന്ന് പോലീസ് പറഞ്ഞു.

പ്രതികൾ പലരിൽ നിന്നും 18 കോടിയോളം രൂപ വരെ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.