തിരുവനന്തപുരം: അട്ടക്കുളങ്ങര ബൈപ്പാസില്‍നിന്ന് 6.4 കിലോ ഹാഷിഷ് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം മാലദ്വീപ് സ്വദേശികളിലേക്കു നീങ്ങുന്നു. ഹാഷിഷുമായി എക്‌സൈസ് പിടികൂടിയ തൂത്തുക്കുടി സ്വദേശി ആന്റണിയുടെ മൊബൈല്‍ഫോണിലേക്കു തലസ്ഥാനത്തുള്ള ചില മാലദ്വീപ് സ്വദേശികള്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സഹായം മയക്കുമരുന്ന് കടത്തുകാര്‍ക്കു ലഭിച്ചിരുന്നതായി സൂചനയുണ്ട്.
ആന്റണിക്കു പുറമേ തിരുനെല്‍വേലി സ്വദേശി സെന്തില്‍ കൂടി മയക്കുമരുന്നുകടത്തില്‍ പങ്കാളിയാണ്. സെന്തില്‍വഴി മാലദ്വീപ് സ്വദേശി അബ്ദുള്ളയ്ക്കു കൈമാറാനായിരുന്നു ലക്ഷ്യമിട്ടത്. സെന്തിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. ആന്റണിക്കൊപ്പം പിടിയിലായ ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയ് തോമസിനും ഗോപിക്കും ഹാഷിഷ് നിര്‍മിക്കുന്നവരുമായിട്ടാണ് ബന്ധമുള്ളത്. ഹാഷിഷ് ഇടുക്കിക്കു പുറത്തെത്തിച്ചു വില്പനക്കാര്‍ക്കു കൈമാറിയിരുന്നത് ഇവരാണ്.
രാജാക്കാട് സ്വദേശി ഉല്ലാസ് എന്നയാളാണ് ബിനോയ്ക്കും ഗോപിക്കും ഹാഷിഷ് കൈമാറിയത്. ഉല്ലാസിന്റെ കൂട്ടാളി നല്‍കിയ ഹാഷിഷുമായിട്ടാണ് കഴിഞ്ഞ മേയില്‍ കവടിയാറിലെ ഹോട്ടലുടമ വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് ഹീരാ ആര്‍ക്കേഡില്‍ റനീഷ് എക്‌സൈസിന്റെ പിടിയിലായത്. സ്ഥിരമായി നടക്കുന്ന മയക്കുമരുന്നുകടത്തില്‍ തലസ്ഥാനത്തെ ചിലര്‍ക്കും കാര്യമായ പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.
എക്‌സൈസിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തു നടക്കുന്ന രണ്ടാമത്തെ ഹാഷിഷ് വേട്ടയാണിത്. മേയ് 25-ന് പത്തുകോടി രൂപ വിലവരുന്ന 10.202 കിലോഗ്രാം ഹാഷിഷ് ഓയിലും 13.5 ലക്ഷം രൂപയും പിടികൂടിയിരുന്നു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനികുമാര്‍, ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ്‌കുമാര്‍, പ്രവന്റീവ് ഓഫീസര്‍മാരായ വി.എസ്.ദീപുക്കുട്ടന്‍, ബി.സന്തോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ശിവന്‍, ആര്‍.സുനില്‍കുമാര്‍, രാജേഷ്‌കുമാര്‍, അരുണ്‍കുമാര്‍, ബിനുരാജ്, ഷാജികുമാര്‍ ഡ്രൈവര്‍മാരായ സുനില്‍കുമാര്‍, സുധീര്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content highlights: Hashish, Maldives, Crime news