തൃശ്ശൂര്‍: ഉത്തരേന്ത്യയില്‍നിന്ന് കേരളത്തില്‍ വില്‍ക്കാനെത്തിച്ച 25 ലക്ഷത്തിന്റെ ചരസുമായി യുവാക്കള്‍ പിടിയില്‍. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ താണിക്കല്‍ വീട്ടില്‍ ഫ്രാങ്കോ (24), ആലപ്പുഴ അരൂര്‍ കൊച്ചുകണ്ണംപറമ്പില്‍ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലും എറണാകുളത്തും ക്രിസ്മസ്, പുതുവത്സര ലഹരി പാര്‍ട്ടികളില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. തൃശ്ശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘവും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് ഇവരെ കുടുക്കിയത്.

തൃശ്ശൂരില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവര്‍ ഹിമാചല്‍ പ്രദേശിലേക്ക് വിനോദയാത്രയ്‌ക്കെന്ന പേരില്‍ പോയത്. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലും താമസിച്ച് അരക്കിലോയോളം ചരസ് ശേഖരിച്ച് കേരളത്തിലെത്തിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ആവശ്യക്കാരെന്ന നിലയില്‍ യുവാക്കളെ സമീപിച്ചു. വിലപേശി കച്ചവടം ഉറപ്പിക്കുകയും ചെയ്തു. ധാരണപ്രകാരം ചരസുമായി ഇവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്തെത്തിയപ്പോഴാണ് പിടികൂടിയത്.

തൃശ്ശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ബാബു കെ. തോമസ്, സബ് ഇന്‍സ്പെക്ടര്‍ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. തൃശ്ശൂര്‍ ഈസ്റ്റ് എസ്.ഐ. സതീഷ് പുതുശ്ശേരി, സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.ഐ. ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, എ.എസ്.ഐ.മാരായ കെ.എ. മുഹമ്മദ് അഷറഫ്, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാഗേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: hashish or charas worth 25 lakhs seized from thrissur