കൊല്ലം: ജില്ലയില്‍ രണ്ടിടത്തായി വന്‍ ലഹരി വേട്ട. ചവറയില്‍ ഹാഷിഷ് ഓയിലുമായി രണ്ടുപേരെയും കൊല്ലം നഗരത്തില്‍ കഞ്ചാവുമായി ഒരാളെയും എക്‌സൈസ് പിടികൂടി. 

തൃശ്ശൂര്‍, ചവറ സ്വദേശികളെയാണ് ചവറയില്‍നിന്ന് 2.25 ലിറ്റര്‍ ഹാഷിഷ് ഓയിലുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും. കഴിഞ്ഞമാസം എട്ടാം തീയതി ആറ്റിങ്ങലില്‍നിന്ന് 103 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചവറയില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഹാഷിഷ് ഓയില്‍ സൂക്ഷിച്ച് വില്‍പന നടത്തുന്നതായി വിവരം കിട്ടിയത്. 

കൊല്ലം നഗരപരിധിയിലാണ് രണ്ടാമത്തെ സംഭവം. വില്‍പ്പനയ്ക്കായി എത്തിച്ച അഞ്ച് കിലോ കഞ്ചാവുമായാണ് ഒരാളെ കൊല്ലത്തുനിന്ന് എക്‌സൈസ് പിടികൂടിയത്. രണ്ട് കേസുകളിലെയും പ്രതികളെ തുടര്‍നടപടികള്‍ക്കായി പ്രാദേശിക എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലേക്ക് കൈമാറി.  

Content Highlights: hashish oil and ganja seized in kollam