ന്യൂഡല്‍ഹി: സി.ബി.എസ്.ഇ റാങ്കുകാരിയായ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ ഒരാളെ പോലീസ് പിടികൂടി. കേസിലെ മൂന്നു പ്രധാനപ്രതികളില്‍ ഒരാളായ നിഷുവിനെയാണ് എസ്.പി നസ്‌നീന്‍ ബാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അതേസമയം, കേസിലെ പ്രധാനപ്രതികളായ രണ്ടുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ മുറിയുടെ ഉടമ ദീന്‍ദയാലും, പെണ്‍കുട്ടിയെ ആദ്യംചികിത്സിച്ച ഡോക്ടര്‍ സഞ്ജീവും നേരത്തെ അറസ്റ്റിലായിരുന്നു. 19-കാരി പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടും ഇവര്‍ സംഭവം മറച്ചുവെയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നില്ല. ഇതുകാരണമാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. 

കേസിലെ പ്രധാനപ്രതികളില്‍ ഒരാളും സൈനിക ഉദ്യോഗസ്ഥനുമായ പങ്കജ് ഇതുവരെ ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അവധിയില്‍ കഴിയുന്നതിനിടെയാണ് ഇയാളും കൂട്ടുകാരും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ശനിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കേണ്ട പങ്കജ് സംഭവം പുറത്തറിഞ്ഞതോടെ ജോലിക്ക് ഹാജരായിട്ടില്ല. ഒളിവില്‍ കഴിയുന്ന രണ്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നൂറോളം പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. പ്രതികളെ കണ്ടെത്താന്‍ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്.