ഹരിപ്പാട്: ‘എന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർ, മെമ്പർമാർ എന്നിവരാണ്. എന്നെ അത്രയ്ക്ക് തരംതാഴ്‌ത്തി അവർ’- മരുന്നുമോഷണം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യചെയ്ത കാർത്തികപ്പള്ളി ഗവ. ആയുർവേദ ഡിസ്‌പൻസറിയിലെ അറ്റൻഡർ അരുണ എഴുതിയ ആത്മഹത്യാക്കുറിപ്പാണിത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് ഡിസ്‌പൻസറിയിൽ പരിശോധന നടത്തിയത്. ഒരുഘട്ടത്തിൽ തനിക്ക് അബദ്ധംപറ്റിയെന്നും അവർ തുറന്നുപറഞ്ഞത്രെ. എന്നിട്ടും, കുറ്റപ്പെടുത്തലും കളിയാക്കലും തുടർന്നതിനാലാണ് രണ്ടുപിഞ്ചുകുട്ടികളുടെ അമ്മയായ ഈ യുവതി മരണത്തിൽ അഭയംതേടിയതെന്ന് ബന്ധുക്കൾ പറയുന്നു

ഏഴുവയസ്സുള്ള മകനും മൂന്നുവയസ്സുകാരി മകളുമാണ് അരുണയ്ക്കുള്ളത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കാനായി കുമാരപുരം എരിക്കാവ് മാമൂട്ടിൽ വീട്ടിലെത്തിച്ചോൾ മകൻ ശ്രീഹരി വാവിട്ടുകരയുകയായിരുന്നു. മകൾ ശ്രീലക്ഷ്മി ബന്ധുക്കളുടെ കൈയിലായിരുന്നു. ഭർത്താവ് ശ്രീകുമാർ കണ്ണുനീർ തുടച്ചുകൊണ്ട് അടുത്തുണ്ടായിരുന്നു. മൃതദേഹം അരുണ ജോലിചെയ്തിരുന്ന ഡിസ്‌പൻസറിയിൽ പൊതുദർശനത്തിന് വച്ചശേഷമാണ് വീട്ടിലെത്തിച്ചത്.

നാഷണൽ ഹെൽത്ത് മിഷന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഡിസ്‌പൻസറിയിൽ ഡോക്ടറും അറ്റൻഡറും മാത്രമാണുള്ളത്. ഇരുവരും താത്കാലിക ജീവനക്കാരാണ്. അഞ്ചുവർഷത്തോളമായി അരുണ കാർത്തികപ്പള്ളി ഡിസ്‌പൻസറിയിൽ ജോലിചെയ്യുന്നു.

മരുന്ന് കുറവുണ്ടെന്നവിവരം ഡോക്ടർ വാർഡ് അംഗത്തെയാണ് ആദ്യം അറിയിച്ചത്. തുടർന്നാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സമീപവാർഡുകളിലെ അംഗങ്ങളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ശനിയാഴ്ച രാവിലെ ഡിസ്‌പൻസറിയിൽ പരിശോധനയ്ക്കെത്തുന്നത്. കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകരായ പഞ്ചായത്തംഗങ്ങളും സി.പി.എം. നേതാവായ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഡിസ്‌പൻസറിയിലുണ്ടായിരുന്ന മരുന്നുകൾ പൂട്ടിവച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് താക്കോൽ കൈമാറിയാണ് പരിശോധന അവസാനിപ്പിച്ചത്.

തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിനെ അറിയിച്ചത്. അതിനാൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാപ്രേരണയ്ക്ക് ഇതുവരേയും കേസെടുത്തിട്ടില്ല. സാക്ഷിമൊഴികളും തെളിവുകളും ശേഖരിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് തൃക്കുന്നപ്പുഴ എസ്.ഐ. ഷാജിമോൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 
Content Highlights: Harippadu Ayurveda dispensary attender suicide