ആലപ്പുഴ: ദേശീയപാത ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവും കത്തിയും പോലീസ് കണ്ടെടുത്തു. ക്രിമിനൽ കേസിലെ പ്രതികളും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചതെന്നും പോലീസ് കണ്ടെത്തി.

ശനിയാഴ്ച പുലർച്ചെ നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മൻസിലിൽ റിയാസ്(26), ഐഷ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി, അൻഷിഫ് എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ലോറി ഡ്രൈവർക്കും സഹായിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.

അപകടത്തിന് കാരണം കനത്ത മഴയും അമിതവേഗവുമാണെന്നാണ് പോലീസിന്റെ നിഗമനം. കായംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ ഇന്നോവ കാർ എതിർദിശയിൽ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരും കാപ്പ നിയമപ്രകാരം നാടു കടത്തിയവരാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. മരിച്ച റിയാസും പരിക്കേറ്റ അൻഷിഫും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇരുവർക്കുമെതിരേ കാപ്പ ചുമത്തിയിട്ടുമുണ്ട്. അതിനാൽ രണ്ടു പേർക്കും ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കും നിലനിൽക്കുന്നുണ്ട്. ഇരുവരും കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പരിക്കേറ്റ അൻഷിഫിന്റെ ഭാര്യയാണ് ഐഷ ഫാത്തിമ. ഇവരുടെ മകനാണ് അഞ്ചു വയസ്സുകാരനായ ബിലാൽ. അപകടത്തിൽ മരിച്ച ഉണ്ണിക്കുട്ടൻ കൊട്ടാരക്കര സ്വദേശിയാണ്. അപകടത്തെക്കുറിച്ചും മറ്റും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlights:harippad car and lorry accident ganja and knife found from car