ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ അഞ്ചുവയസ്സുകാരനും അമ്മയും ഉൾപ്പെടെ നാലുപേർ മരിച്ച അപകടത്തിൽപ്പെട്ട കാറിൽ ആയുധശേഖരവും വലിയ അളവിൽ കഞ്ചാവും സൂക്ഷിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഒരു സഞ്ചിയിൽ ചെറിയ കത്തി കണ്ടെത്തി.

10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുവച്ച നിലയിലായിരുന്നു. കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് തൊട്ടുമുൻപിലാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ടവരിൽ ക്രിമിനൽ കേസുകളിലെ പ്രതികളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിനാൽ രക്ഷാപ്രവർത്തനത്തിനു പിന്നാലെ വാഹനം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കാറിൽ കഞ്ചാവ് സൂക്ഷിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും എന്നാൽ, അടുക്കള ഉപയോഗത്തിനുള്ള തരത്തിലെ കത്തി ആയതിനാൽ ആയുധ നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും കരീലക്കുളങ്ങര സി.ഐ. അനിൽ കുമാർ പറഞ്ഞു. കൊട്ടാരക്കര സ്വദേശിയുടെ കാറാണിത്. അപകടത്തിൽ മരിച്ച കൊട്ടാരക്കര ആനക്കോട്ടൂർ വടക്കേക്കര ഉണ്ണിക്കുട്ടൻ (26) ഒരാഴ്ച മുൻപ് വാടകയ്ക്കെടുത്തതാണ്.

ഉണ്ണിക്കുട്ടന്റെ സുഹൃത്ത് കൊട്ടാരക്കര വല്ലം കൃഷ്ണവിഹാറിൽ അരുണിന്റെ ഭാര്യ ജിസ്മിയെ എറണാകുളത്തേക്കു കൊണ്ടുപോകാനാണ് ഇവർ പുലർച്ചേ കാറിൽ വന്നതെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

അരുൺ കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് റിമാൻഡിലാണ്. ജിസ്മി ഈ കേസിൽ പ്രതിയല്ലെങ്കിലും ഒറ്റയ്ക്കു താമസിക്കുന്നത് സുരക്ഷിതമല്ലാത്ത തിനാൽ, അരുണിന്റെ മറ്റൊരു സുഹൃത്തായ കായംകുളം പുള്ളിക്കണക്ക് കുറ്റിക്കിഴക്കതിൽ അൻസാബ് എറണാകുളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലേക്കു മാറ്റാനായിരുന്നു ശ്രമം.

അപകടത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റ ജിസ്മി ചികിത്സയിലാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട അൻസാബ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം സ്ഥലം വിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നു കാപ്പ ചുമത്തപ്പെട്ട ഇയാൾക്ക് ജില്ലയിൽ പ്രവേശന വിലക്കുണ്ട്.

അൻസാബിന്റെ ഭാര്യ ഐഷ ഫാത്തിമ (25), മകൻ ബിലാൽ (അഞ്ച്), കായംകുളം പുള്ളിക്കണക്ക് ഷെമീന മൻസിൽ റിയാസ് (27) എന്നിവരും കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടനുമാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചേ മൂന്നേകാലോടെയായിരുന്നു അപകടം.

അമിതവേഗത്തിൽ വന്ന കാർ മണൽ കയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊട്ടാരക്കരയിലെ കഞ്ചാവു കേസിൽ റിമാൻഡിൽ കഴിയുന്ന അരുണും നങ്ങ്യാർകുളങ്ങരയിലെ അപകടത്തിൽ പരിക്കേറ്റ അൻസാബും മരിച്ച റിയാസും ഉണ്ണിക്കുട്ടനും വൻതോതിൽ കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാർ അമിത വേഗത്തിലായിരുന്നെന്ന് മോട്ടോർവാഹന വകുപ്പ്

ഹരിപ്പാട്: അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിലായിരുന്നെന്ന് മോട്ടോർവാഹന വകുപ്പ്. 100 കിലോമീറ്ററിൽ കുറയാത്ത വേഗത്തിലായിരിക്കും കാർ പാഞ്ഞതെന്നാണു പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറും ലോറിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച വിശദമായി പരിശോധിച്ചു. ആർ.ടി.ഒ. സജിപ്രസാദ് ഗതാഗത കമ്മിഷണർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് കൈമാറി.

അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ലോറിയിലെ മണലിൽ മഴവെള്ളം നിറഞ്ഞ നിലയിലായിരുന്നു. ഇതു കൂട്ടിയിടിയുടെ ആഘാതം കൂടാൻ കാരണമായതായും റിപ്പോർട്ടിലുണ്ട്. ലോറിക്കു മുന്നിൽപ്പെട്ടപ്പോൾ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇതിനാലാണ് കാർ വട്ടംചുറ്റിവന്നു ലോറിയിൽ ഇടിച്ചതെന്നാണ് മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

അപകടത്തെത്തുടർന്നു കാർ ലോറിയുടെ മുൻഭാഗത്തുകുടുങ്ങിയനിലയിൽ ആയിരുന്നു. യാത്രക്കാരിൽ ഒരാൾപോലും പുറത്തേക്കു തെറിച്ചുവീണിരുന്നില്ലെന്നു പോലീസ് പറഞ്ഞു. കാറിനുള്ളിൽപ്പെട്ടുപോയവരെ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.

ഏറ്റവും പിന്നിലെ സീറ്റിലായിരുന്ന കുട്ടി ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിന്റെ ഭാഗത്തേക്കു തെറിച്ചുവീണിരുന്നു. ഈ കുട്ടിയെയാണ് രക്ഷാപ്രവർത്തകർ ആദ്യം പുറത്തെടുത്തത്. മറ്റുള്ളവരെല്ലാം കാറിനുള്ളിൽ സീറ്റുകൾക്കിടെയിൽ ഞെരിഞ്ഞ് അമർന്നനിലയിലായിരുന്നു. കാറിന്റെ വശങ്ങൾ പൊളിക്കാൻ ശ്രമിച്ചാൽ ഇവർക്ക് കൂടുതൽ പരിക്കേൽക്കാൻ ഇടയാകുമായിരുന്നു. ഇതിനാൽ അതീവ സൂഷ്മതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന് അഗ്നിരക്ഷാ സേനയും പോലീസും പറയുന്നു. രക്ഷാപ്രവർത്തനം മൂന്നുമണിക്കൂറോളം നീളാൻ ഇടയാക്കിയത് ഇതിനാലാണ്.