ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ വാഹനാപകടത്തിൽ പരിക്കേറ്റശേഷം ആശുപത്രിയിൽനിന്നുകടന്ന കാപ്പ കേസിലെ പ്രതി കൈത്തോക്കുമായി കുറത്തികാട് പോലീസിന്റെ പിടിയിലായി. കായംകുളം പുള്ളിക്കണക്ക് കണ്ടിശ്ശേരി പടീറ്റതിൽ അൻസാബാ(26)ണ് മാങ്കാംകുഴിയിൽനിന്ന് ബുധനാഴ്ചരാത്രി ഏഴുമണിയോടെ പിടിയിലായത്.

ഇയാളോടൊപ്പമുണ്ടായിരുന്ന കായംകുളം പെരിങ്ങാല സ്വദേശി അൻഷാദ് (24), മാങ്കാംകുഴി സ്വദേശി അജാഫ് (31) എന്നിവരെയും പോലീസ് പിടികൂടി. കാറിൽ യാത്രചെയ്യുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ബഹളംകണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം കാർപിന്തുടർന്നാണ് ഇവരെ പിടികൂടിയത്.

കൈത്തോക്കിനൊപ്പം കുരുമുളകു സ്പ്രേയും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കായംകുളം പോലീസ് സ്റ്റേഷനിൽമാത്രം 10 ക്രിമിനൽ കേസുകളിലെ പ്രതിയായ അൻസാബിനെതിരേ ജില്ലാ പോലീസ് മേധാവി മാർച്ച് രണ്ടിനാണ് കാപ്പ ചുമത്തിയത്.

ഒരുവർഷം ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു വ്യവസ്ഥ. ഇതുലംഘിച്ച് ഭാര്യ ഐഷാ ഫാത്തിമ (25), മകൻ ബിലാൽ (അഞ്ച്), സുഹൃത്തും കാപ്പ കേസിലെ പ്രതികൂടിയായ കായംകുളം സ്വദേശി റിയാസ് (27), കൊട്ടാരക്കര സ്വദേശികളായ ഉണ്ണിക്കുട്ടൻ (26), അജ്മി (23) എന്നിവർക്കൊപ്പം മേയ് 29-ന് പുലർച്ചെ എറണാകുളം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇവർ യാത്രചെയ്തിരുന്ന കാർ നങ്ങ്യാർകുളങ്ങര ജങ്ഷനു തെക്ക് പോലീസ് സ്റ്റേഷനുസമീപം ദേശീയപാതയിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഐഷാ ഫാത്തിമ, ബിലാൽ, റിയാസ്, ഉണ്ണിക്കുട്ടൻ എന്നിവർ മരിച്ചു. പരിക്കേറ്റ അജ്മി ചികിത്സയിലാണ്.

കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള കഞ്ചാവുകടത്തിലെ പ്രധാന കണ്ണിയാണ് അൻസാബ്.കഞ്ചാവുകടത്തിലെ പ്രധാനിയായ കൊട്ടാരക്കര വല്ലം സ്വദേശിയായ അരുൺകുമാർ അടുത്തിടെ പോലീസ് പിടിയിലായിരുന്നു. അരുണിന്റെ ഭാര്യയായ അജ്മിയെ എറണാകുളത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമെന്നാണു പോലീസ് പറയുന്നത്.

ഇൻസ്പെക്ടർ വി. സാബു, എസ്.ഐ. രാജി പ്രഭാകർ, സി.പി.ഒ.മാരായ ടി.എസ്. നൗഷാദ്, ജയകുമാർ, സജു, റസീന എന്നിവരാണ് ഇവരെ പിടികൂടിയത്