ഷൊർണൂർ(പാലക്കാട്): കയിലിയാട് ഇടൂർകുന്നിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ നിർമാണ സ്ഥാപന നടത്തിപ്പുകാരൻ ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ് ചെയ്തു. കടമ്പഴിപ്പുറം കുണ്ടുകതൊടി പ്രതീഷ് (32), അസം സ്വദേശികളായ ദമ്പതിമാർ അബ്ദുൾ റഹിമാൻ (26), ഷഹനാസ് (19) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വിദ്യാർഥികൾക്ക് വില്പനക്കായി സൂക്ഷിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസ്. എക്സൈസും പോലീസും നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാവിലെ 19 ചാക്ക് പുകയില ഉത്‌പന്നങ്ങൾ ഉൾപ്പെടെ നിർമാണ സാമഗ്രികളും കണ്ടെത്തുകയായിരുന്നു.

ചളവറ കയിലിയാട് ഇടൂർകുന്നിൽ വാടകക്കെട്ടിടത്തിലാണ് പ്രതീഷ് പുകയില ഉത്‌പന്നനിർമാണ കേന്ദ്രം ആരംഭിച്ചിരുന്നത്. ഹാൻസ് എന്ന പേരിലിറങ്ങുന്ന പുകയില ഉത്‌പന്നമായിരുന്നു നിർമിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ചളവറ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പുകയില ഉത്‌പന്നങ്ങൾ പാക്ക് ചെയ്യുന്നതിനുള്ള യന്ത്രങ്ങളുൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നും പുകയില എത്തിച്ച് പാക്ക് ചെയ്ത് വില്പന നടത്താനായി സൂക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശികളായ ദമ്പതിമാർ ഇവിടെ ജോലിക്കെത്തിയതെന്നും പോലീസ് പറഞ്ഞു.