വാഷിങ്ടണ്‍:  യു.എസിലെ ഫ്‌ളോറിഡയില്‍ ജലവിതരണ ശൃംഖലയില്‍ അട്ടിമറിശ്രമം നടന്നതായി അധികൃതരുടെ സ്ഥിരീകരണം. ഓള്‍ഡ്‌സ്മാറിലെ കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള ജല ശുദ്ധീകരണ സംവിധാനം ഹാക്ക് ചെയ്താണ് അട്ടിമറി നടത്താന്‍ ശ്രമിച്ചത്. കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വെള്ളത്തിന്റെ അസിഡിറ്റി നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് കൂട്ടുകയായിരുന്നു. കൃത്യസമയത്ത് പ്ലാന്റ് ഓപ്പറേറ്റര്‍ ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 

വെള്ളിയാഴ്ചയാണ് ജല ശുദ്ധീകരണ സംവിധാനത്തില്‍ ഹാക്കിങ് നടന്നത്. രാവിലെ പുറത്തുനിന്ന് ആരോ കമ്പ്യൂട്ടര്‍ സംവിധാനം നിയന്ത്രിക്കാന്‍ ശ്രമിച്ചത് പ്ലാന്റ് ഓപ്പറേറ്ററുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ തന്റെ സൂപ്പര്‍വൈസറായിരിക്കുമെന്ന് കരുതിയ ഓപ്പറേറ്റര്‍ ഇത് കാര്യമാക്കിയില്ല. ഉച്ചയോടെ വീണ്ടും പുറത്തുനിന്ന് കമ്പ്യൂട്ടര്‍ സംവിധാനത്തെ ആരോ നിയന്ത്രിക്കുകയും സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് കുത്തനെ കൂട്ടുകയുമായിരുന്നു. അപകടം മണത്ത പ്ലാന്റ് ഓപ്പറേറ്റര്‍ ഉടന്‍തന്നെ ഇടപെടുകയും അളവ് കുറച്ച് അപകടം ഒഴിവാക്കുകയും ചെയ്തു. ഉയര്‍ന്ന അളവില്‍ സോഡിയം ഹൈഡ്രോക്‌സൈഡ് കലര്‍ന്ന വെള്ളം ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമായിരുന്നു. 

ജലശുദ്ധീകരണ സംവിധാനത്തില്‍ ഹാക്കിങ് നടന്നതായി ഓള്‍ഡ്‌സ്മാര്‍ മേയറും പിനെലസ് കൗണ്ടി ഷെറീഫും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ജനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും ജലവിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും കൗണ്ടി ഷെറീഫ് ബോബ് ഗുല്‍ട്ടീരി വ്യക്തമാക്കി. ഹാക്കിങ് സ്ഥിരീകരിച്ചതിന് പിന്നാലെ ജലശുദ്ധീകരണ സംവിധാനത്തിന്റെ റിമോട്ട് ആക്‌സസ് പ്രോഗ്രാം താത്കാലികമായി പ്രവര്‍ത്തനരഹിതമാക്കി. അതേസമയം, സംഭവത്തില്‍ ഇതുവരെ അറസ്റ്റോ മറ്റോ ഉണ്ടായിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യു.എസിന് പുറത്തുനിന്നാണോ അതോ രാജ്യത്തിനകത്തുനിന്നാണോ ഹാക്കിങ് നടന്നതെന്നും വ്യക്തമല്ല. ഓള്‍ഡ്‌സ്മാറിലെ ജലശുദ്ധീകരണ ശാലയില്‍നിന്ന് നിരവധി വാണിജ്യസ്ഥാപനങ്ങള്‍ക്കും 15000-ഓളം വീടുകളിലേക്കുമാണ് ജലം വിതരണംചെയ്യുന്നത്. 

Content Highlights: hacking in water treatment system in florida usa