കൊച്ചി: ജീവനും സ്വത്തും സംരക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ശ്രദ്ധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ സൈബർ വിദഗ്ധനായ ഏതൊരാൾക്കും നിങ്ങളുടെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്യാം. സിസിടിവി ക്യാമറകൾ സ്ഥാപിക്കുമ്പോൾ കമ്പനി നൽകുന്ന താത്‌കാലിക പാസ് വേഡ് തുടർന്നും ഉപയോഗിക്കുന്നതാണ് ഹാക്കർമാർ മുതലെടുക്കുന്നത്.

ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലാണ് നുഴഞ്ഞുകയറ്റ ഭീഷണിയുള്ളത്. ഇവ സ്ഥാപിക്കുമ്പോൾ കമ്പനി നൽകുന്ന താത്‌കാലിക പാസ് വേഡ് തുടർന്നും ഉപയോഗിക്കുന്നതാണ് ചിലരുടെ രീതി. മറ്റുചിലരാകട്ടെ ഫോൺ നമ്പർ, പേര്, തുടങ്ങിയ ശക്തമല്ലാത്ത പാസ് വേഡുകളും നൽകും. വൈഫൈ നെറ്റ് വർക്കിനും സമാനരീതിയിലാകും ഇവർ പാസ് വേഡ് നൽകിയിട്ടുണ്ടാകുക. ഇതാണ് ഹാക്കർമാർ മുതലെടുക്കുന്നത്.

ഇത്തരം ശക്തമല്ലാത്ത പാസ് വേഡുകൾ നൽകുന്നതിലൂടെ സിസിടിവി ക്യാമറ സിസ്റ്റത്തിലേക്ക് ഹാക്കർമാർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും. സിസിടിവി ക്യാമറകളിൽ പകർത്തിയ ദൃശ്യങ്ങൾ ഒഴിവാക്കാനോ അത് ചോർത്തിയെടുക്കാനോ ഇവർക്ക് സാധിക്കും.

വീട്ടിലെ കുട്ടികളെ നിരീക്ഷിക്കാൻ അടക്കം സിസിടിവി സ്ഥാപിക്കുന്നവരുണ്ട്. ഹാക്ക് ചെയ്യപ്പെട്ടാൽ ഇത്തരത്തിലുള്ള വീട്ടിലെ ദൃശ്യങ്ങളടക്കം ഹാക്കർമാരുടെ കൈയിലെത്തും. അതിനാൽ സിസിടിവി ക്യാമറ സിസ്റ്റത്തിനും വൈഫൈ നെറ്റ് വർക്കിനും ശക്തമായ പാസ് വേർഡ് നൽകണമെന്നാണ് വിദഗ്ധരുടെ നിർദേശം. അല്ലെങ്കിൽ മൂന്നാംകണ്ണായി സ്ഥാപിച്ച സിസിടിവി ക്യാമറകൾ വലിയ വിപത്തിനാകും വഴിവെക്കുക.

Content Highlights:hacking in cctv camera system