ചെന്നൈ: കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പട്ടാമ്പി നഗരസഭയുടെ മുൻ ചെയർമാൻ കൂടിയാണ് കെഎസ്ബിഎ തങ്ങൾ.

കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുത്തു. തുടർന്ന് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങള്‍ പറയുന്നത്. എന്നാൽ രേഖകളൊന്നും ഹാജരാക്കാൻ സാധിക്കാത്തത് കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

Content Highlights: Gun and bullets found from Palakkad DCC Vice President KSBA Thangal in Coimbatore