ആലപ്പുഴ: ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം തന്നെയാണെന്ന് പോലീസിന്റെ സ്ഥിരീകരണം. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുകയാണെന്നും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മാന്നാര്‍ കൊരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബം പറയുന്നത്. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സ്വദേശികളാണെന്നും ഇവര്‍ ആരോപിച്ചു.
ബിന്ദു നാട്ടിലെത്തിയതിന് പിന്നാലെ ചിലര്‍ നിരന്തരം വീടിന്റെ പരിസരത്ത് എത്തിയിരുന്നു. ബിന്ദുവിനെ നിരീക്ഷിക്കാനെത്തിയ ഇവരെക്കുറിച്ചും കുടുംബം പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടില്‍വന്നിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19-ന് നാട്ടില്‍ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു.
Content Highlights: gulf returnee woman kidnapped from home in alappuzha mannar