അഹമ്മദാബാദ്:  മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതിന് 23 വയസ്സുകാരിയെ ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിച്ചു. യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി ശിക്ഷിച്ചത്. മര്‍ദിച്ച് നഗ്നയാക്കിയതിന് പുറമേ ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിര്‍ബന്ധിതയായി. 

ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഗ്രാമത്തില്‍ ജൂലായ് ആറിനാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതിയെ ക്രൂരമായി ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 19 പേരെ പിടികൂടുകയും ചെയ്തു. 

ഭര്‍ത്താവും നാട്ടുകാരും യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. പരസ്യമായി യുവതിയെ നഗ്നയാക്കിയ ശേഷം ഭര്‍ത്താവിനെ തോളിലേറ്റി നടത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുസ്ത്രീകള്‍ യുവതിക്ക് വസ്ത്രം നല്‍കി നഗ്നത മറക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഇതെല്ലാം വലിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. 

യുവതി മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനാണ് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഒളിച്ചോടിയ യുവതിയെ ഭര്‍ത്താവും നാട്ടുകാരും ഉടന്‍തന്നെ പിടികൂടി തിരികെ എത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കിരാതശിക്ഷ നടപ്പിലാക്കിയത്. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

Content Highlights: gujarat woman naked and paraded by husband and villagers