സൂറത്ത്: ബാങ്ക് ജീവനക്കാരിക്ക് പോലീസുകാരന്റെ മര്‍ദനം. ഗുജറാത്തിലെ സൂറത്തില്‍ കനറാ ബാങ്ക് സരോളി ശാഖയില്‍ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. മര്‍ദനത്തില്‍ ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റെന്നാണ് വിവരം. 

ചൊവ്വാഴ്ച വൈകീട്ട് ബാങ്കിലെത്തിയ പോലീസുകാരന്‍ ജീവനക്കാരുടെ ഇരിപ്പിടത്തിനടുത്തേക്ക് അതിക്രമിച്ച് കയറിയാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൂറത്ത് പോലീസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു. #ShameSuratPolice എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. ബാങ്ക് ജീവനക്കാരുടെ സംഘടനകളും കൂട്ടായ്മകളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

അതേസമയം, ബാങ്ക് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് സൂറത്ത് പോലീസിന്റെ പ്രതികരണം. എന്നാല്‍ എഫ്.ഐ.ആറില്‍ പ്രതിയായ പോലീസുകാരന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് ബാങ്ക് ജീവനക്കാരും ആരോപിച്ചു. 

സംഭവം വിവാദമായതോടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും പ്രതികരണവുമായി രംഗത്തെത്തി. സംഭവം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നായിരുന്നു മന്ത്രി ആദ്യം ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ സൂറത്ത് പോലീസ് കമ്മീഷണറുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി. പോലീസ് കമ്മീഷണര്‍ ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് ജീവനക്കാര്‍ക്ക് എല്ലാ സഹകരണവും ഉറപ്പുനല്‍കിയെന്നും പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. 

Content Highlights: gujarat surat canara bank woman employee attacked in bank by policeman cctv video