രാജ്‌കോട്ട്: രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്ന ഗുജറാത്തിലെ രാജ്‌കോട്ടില്‍ റോഡിലിറങ്ങി നൃത്തംചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ നൃത്ത വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തത്. 

രാജ്‌കോട്ട് സ്വദേശിയായ പ്രിഷ റാത്തോഡ് എന്ന യുവതിയാണ് ഏതാനുംദിവസം മുമ്പ് റോഡില്‍നിന്ന് നൃത്തംചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 12-ന് രാത്രി 11 മണിക്ക് മഹിളാ കോളേജ് അണ്ടര്‍പാസില്‍വെച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്ന മേഖലയില്‍ യുവതി ഇത്തരത്തില്‍ റോഡിലിറങ്ങി നൃത്തം ചെയ്തത് വ്യാപക വിമര്‍ശനത്തിനിടയാക്കി. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെയാണ് രാജ്‌കോട്ട് പോലീസ് യുവതിക്കെതിരേ കേസെടുത്തത്. 

അതേസമയം, സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായി യുവതി പറഞ്ഞു. തെറ്റ് മനസിലായപ്പോള്‍ തന്നെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഒഴിവാക്കിയിരുന്നു. മറ്റുചിലരാണ് വീഡിയോ വൈറലാക്കിയത്. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യുവതി പറഞ്ഞു. 

Content Highlights: gujarat rajkot woman shoots dance video in night during night curfew