അഹമ്മദാബാദ്: ഡാര്‍ക്ക് വെബും ക്രിപ്റ്റോകറന്‍സിയും മാധ്യമമാക്കി വിദേശത്തുനിന്ന് രണ്ടുവര്‍ഷത്തിനിടെ നൂറു കിലോഗ്രാമോളം മയക്കുമരുന്ന് എയര്‍കാര്‍ഗോ വഴി ഇറക്കുമതി ചെയ്ത് വിതരണം നടത്തിയ നാലംഗസംഘത്തെ ഗുജറാത്ത് പോലീസ് പിടികൂടി. ചെറിയ അളവുകളില്‍ വന്‍കിടക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കിയതുവഴി പത്തുകോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

പാകിസ്താനില്‍നിന്ന് കടല്‍വഴി വന്‍തോതില്‍ ഹെറോയിന്‍ കടത്ത് നടക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് ലഹരിമരുന്നു വിതരണം കണ്ടെത്തിയത്. സിംഗപ്പൂരില്‍ നിന്ന് ഹോസ്പിറ്റാലിറ്റിയില്‍ ഉന്നതവിദ്യാഭ്യാസം നേടിയ വന്ദിത് പട്ടേല്‍, ലണ്ടനില്‍നിന്ന് എം.ബി.എ. നേടിയ വിപുല്‍ ഗോസ്വാമി എന്നീ യുവാക്കളാണ് നേതൃത്വം നല്‍കിയത്. ഡാര്‍ക്ക് വെബ് വഴി അമേരിക്കയിലും കാനഡയിലുമുള്ള മയക്കുമരുന്ന് സംഘങ്ങളുമായി ഇവര്‍ ബന്ധം പുലര്‍ത്തി. പ്രതിഫലം ക്രിപ്റ്റോ കറന്‍സിയില്‍ നല്‍കിയാണ് മയക്കുമരുന്ന് ബുക്ക് ചെയ്യുക. എയര്‍ കാര്‍ഗോ കൊറിയറില്‍ വീട്ടുസാധനങ്ങള്‍ക്കൊപ്പം ചെറിയ പൊതികളില്‍ ഹൈബ്രിഡ് കഞ്ചാവ്, അമേരിക്കന്‍ ചരസ്, മലാനാ ചരസ് തുടങ്ങിയവ ഇറക്കുമതി ചെയ്തു. സ്‌കാനിങ് യന്ത്രങ്ങളില്‍ പെടാതിരിക്കാന്‍ ഉപയോഗിച്ച കവര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊറിയര്‍ വിലാസമായി അഹമ്മദാബാദ്, ഉദയ്പുര്‍, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളാണ് നല്‍കിയത്. വിലാസക്കാര്‍ക്ക് ഓരോ പാഴ്സലിനും അയ്യായിരം രൂപ മുതല്‍ ഇവര്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ക്രിപ്റ്റോ കറന്‍സിയായി നാലു കോടി രൂപ ഇവര്‍ വിദേശത്തേക്ക് നല്‍കിയിട്ടുണ്ട്. മുംബൈയിലും മറ്റും മയക്കുമരുന്ന് പാര്‍ട്ടികളും സംഘടിപ്പിക്കാറുണ്ട്. അടിമകളായവരെ കൊറിയര്‍മാരായി ഉപയോഗിക്കുകയും ചെയ്തു. അമേരിക്കയില്‍നിന്ന് ചൈന, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നു. ബിസിനസ് വികസിപ്പിക്കാന്‍ നേപ്പാളില്‍ ഒരു കമ്പനി തുടങ്ങാന്‍ നീക്കം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

ഇതിനിടെ ഒഡിഷയില്‍നിന്ന് ഒരു ട്രക്കില്‍ എത്തിച്ച ഒരു കോടി രൂപയുടെ കഞ്ചാവ് സൂറത്തില്‍നിന്ന് കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തു. നാന്‍പുരയില്‍ സ്ഥിരതാമസക്കാരനായ മലയാളിയടക്കം മൂന്നുപേരെ കേസില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. മുന്ദ്രയില്‍നിന്ന് മൂവായിരം കിലോ ഹെറോയിന്‍ പിടിച്ച കേസില്‍ തുടരന്വേഷണം നിലച്ചതായി ഇവര്‍ ആരോപിച്ചു.