കല്പറ്റ: കട തുടങ്ങാന്‍ ജി.എസ്.ടി. ലൈസന്‍സിനു വേണ്ടി അപേക്ഷിച്ചയാളില്‍നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കല്പറ്റ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറേറ്റിലെ ഹെഡ് ഹവില്‍ദാര്‍ സജി തോമസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സംസ്ഥാന വിജിലന്‍സ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റു ചെയ്യുന്ന ആദ്യത്തെ കേസാണിത്.

സി.ബി.ഐ. വിജിലന്‍സ് ആണ് മുമ്പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെയുള്ള പരാതികള്‍ അന്വേഷിച്ചിരുന്നത്. സ്വര്‍ണക്കടത്തു വിവാദങ്ങളെത്തുടര്‍ന്ന് സി.ബി.ഐ.ക്കുള്ള പൊതു അധികാരം സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന വിജിലന്‍സ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റുചെയ്തത്.

മീനങ്ങാടി കൊളഗപ്പാറയില്‍ കട തുടങ്ങാന്‍ ജി.എസ്.ടി. ലൈസന്‍സിനുവേണ്ടി പരാതിക്കാരനായ കടയുടമ സിനോയി സെബാസ്റ്റ്യന്‍ അപേക്ഷ നല്‍കിയിരുന്നു. മൂന്നുമാസംമുമ്പാണ് ജി.എസ്.ടി. വകുപ്പിനുകീഴിലുള്ള കല്പറ്റ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറേറ്റില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കട പരിശോധനയ്ക്കായി ഓഫീസര്‍മാര്‍ വരാത്തതിനെത്തുടര്‍ന്ന് സിനോയി സെബാസ്റ്റ്യന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഹെഡ് ഹവില്‍ദാര്‍ സജി തോമസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

പരാതിക്കാരന്‍ സജി തോമസുമായി ബന്ധപ്പെട്ടപ്പോള്‍ കട പരിശോധനയ്ക്ക് വ്യാഴാഴ്ച വരാമെന്നും 3000 രൂപ കൈക്കൂലി വേണമെന്നും ഫോണില്‍ അറിയിച്ചു. സിനോയി സെബാസ്റ്റ്യന്‍ ഈ വിവരം വിജിലന്‍സ് വയനാട് യൂണിറ്റ് ഡിവൈ.എസ്.പി. അബ്ദുള്‍ റഹിമിനെ അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് ഒരുമണിയോടെ കട പരിശോധന കഴിഞ്ഞ് 3000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ സജി തോമസിനെ വിജിലന്‍സ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണെന്ന് വ്യക്തമായതോടെ നിയമോപദേശം തേടിയാണ് അറസ്റ്റുചെയ്തതെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ പി. ശശിധരന്‍, എ.യു. ജയപ്രകാശ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ജി. റെജി, എസ്. കൃഷ്ണകുമാര്‍, കെ.പി. സുരേഷ്, എസ്.സി.പി.ഒ.മാരായ പി.കെ. പ്രദീപ്കുമാര്‍, ഗോപാലകൃഷ്ണന്‍, എസ്. ബാലന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.