പൂച്ചാക്കല്‍: വിവാഹദിവസം വരനെ കാണാതായ സംഭവത്തില്‍ പോലീസ് സമീപജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. അരൂക്കുറ്റി നദുവത്ത്‌നഗര്‍ സ്വദേശിനിയുമായി ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹവും ഇതുകാരണം മുടങ്ങിയിരുന്നു. ഇതിനിടെ, വധുവിന്റെ  മുത്തച്ഛന്‍ തിങ്കളാഴ്ചരാവിലെ നെഞ്ചുവേദനയെത്തുടര്‍ന്നു മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹം.

ഞായറാഴ്ചരാവിലെ ഏഴുമണിയോടെ അലങ്കാരത്തിനുള്ള പൂവുവാങ്ങാനെന്നു പറഞ്ഞാണ് വരന്‍ ജസീം ബൈക്കില്‍പോയത്. തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജസീമിന്റെ ശബ്ദസന്ദേശം അയല്‍വാസിക്കു ലഭിച്ചിരുന്നു. എന്നാല്‍, ഫോണിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പൂച്ചാക്കല്‍ ഇന്‍സ്പെക്ടര്‍ അജി സി.നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സി.സി.ടി.വി., മൊബൈല്‍ടവര്‍ ലൊക്കേഷന്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷിക്കും. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. ജസീമിന്റെ മൊബൈല്‍ഫോണിലെ കഴിഞ്ഞ ആറുമാസത്തെ വിളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Content Highlights: groom went missing on wedding day in poochakkal